സൗദി അറേബ്യ: മാർച്ച് 8 വരെ അസ്ഥിര കാലാവസ്ഥ തുടരും; വിവിധ മേഖലകളിൽ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത

featured GCC News

രാജ്യത്തിന്റ വിവിധ മേഖലകളിൽ 2023 മാർച്ച് 8, ബുധനാഴ്ച വരെ അസ്ഥിര കാലാവസ്ഥ തുടരുമെന്ന് സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. 2023 മാർച്ച് 2-നാണ് സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം ഇക്കാര്യം അറിയിച്ചത്.

ഈ അറിയിപ്പ് പ്രകാരം, 2023 മാർച്ച് 4 മുതൽ മാർച്ച് 8 വരെ സൗദി അറേബ്യയുടെ വിവിധ പ്രദേശങ്ങളിൽ അസ്ഥിര കാലാവസ്ഥ തുടരുന്നതിന് സാധ്യതയുണ്ട്. വരുംദിനങ്ങളിൽ രാജ്യത്തിന്റെ ഒട്ടുമിക്ക പ്രദേശങ്ങളിലും ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം ചൂണ്ടികാട്ടിയിട്ടുണ്ട്.

ഇതോടൊപ്പം ആലിപ്പഴം പൊഴിയുന്നതിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം കൂട്ടിച്ചേർത്തു. ഈ കാലയളവിൽ അസിർ, ജസാൻ, അൽ ബാഹ, മക്ക മുതലായ പ്രദേശങ്ങളിൽ ഇടിയോട് കൂടിയ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്.

മദീന, അൽ ജൗഫ്, നോർത്തേൺ ബോർഡേഴ്സ്, ഹൈൽ മുതലായ മേഖലകളിൽ ഞായറാഴ്ച മുതൽ ബുധനാഴ്ച വരെ ശക്തമായ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ബുധനാഴ്ചയോടെ ഖാസിം, കിഴക്കന്‍ പ്രദേശങ്ങൾ എന്നിവിടങ്ങളിലും ഈ കാലാവസ്ഥ അനുഭവപ്പെടാൻ സാധ്യതയുണ്ട്.

ശനി, ഞായർ ദിനങ്ങളിൽ മക്കയിൽ സാമാന്യം ശക്തമായ ഇടിയോട് കൂടിയ മഴ ലഭിക്കുമെന്നും, ശനി മുതൽ തിങ്കൾ വരെ തബൂക്കിൽ മഴ ശക്തമാകുമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ശനിയാഴ്‌ച മുതൽ ചൊവ്വാഴ്ച വരെ രാജ്യത്തിന്റെ ഒട്ടുമിക്ക മേഖലകളിലും അന്തരീക്ഷ താപനില ഉയരുമെന്നും കാലാവസ്ഥാ കേന്ദ്രം കൂട്ടിച്ചേർത്തു.

തബൂക്, അൽ ജൗഫ്, നോർത്തേൺ ബോർഡേഴ്സ്, ഹൈൽ, അൽ ഖാസിം, മദീന, റിയാദിന്റെ പടിഞ്ഞാറൻ പ്രദേശങ്ങൾ, മക്കയുടെ കിഴക്കൻ പ്രദേശങ്ങൾ, അൽ ബാഹ, അസിർ മുതലായ ഇടങ്ങളിൽ ശനിയാഴ്ച മുതൽ ചൊവ്വാഴ്ച വരെ പൊടിക്കാറ്റിന് സാധ്യതയുള്ളതായും കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്.

Cover Image: Saudi Press Agency.