റമദാനിൽ ഭക്ഷണം പാഴാക്കുന്ന ശീലങ്ങൾ ഒഴിവാക്കാൻ ഒമാൻ മിനിസ്ട്രി ഓഫ് ഔകാഫ് ആൻഡ് റിലീജിയസ് അഫയേഴ്സ് ആഹ്വാനം ചെയ്തു. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഭക്ഷണം പാഴാകുന്നത് ഒഴിവാക്കുന്നതിനായി ഇഫ്താർ വിരുന്നുകൾ സംഘടിപ്പിക്കുന്ന അവസരത്തിൽ മറ്റുള്ളവരുമായി സഹകരിച്ച് കൊണ്ട് ഒരേ പ്രദേശത്ത് ഒന്നിലധികം ഇഫ്താർ സംഗമങ്ങൾ ഉണ്ടാകുന്ന സാഹചര്യങ്ങൾ ഒഴിവാക്കാനും മന്ത്രാലയം ആഹ്വാനം ചെയ്തിട്ടുണ്ട്. കുടുംബങ്ങളിൽ ഭക്ഷണം പാകം ചെയ്യുന്ന അവസരത്തിൽ അവിടേക്ക് ആവശ്യമായ ഭക്ഷണം മാത്രം ഒരുക്കാനും, ആവശ്യമില്ലാതെ കൂടുതൽ അളവിൽ ഭക്ഷണം പാചകം ചെയ്യുന്ന ശീലങ്ങൾ ഒഴിവാക്കാനും മന്ത്രാലയം നിർദ്ദേശിച്ചിട്ടുണ്ട്.
അധികമുള്ള ഭക്ഷണം പാഴാക്കി കളയുന്നതിന് പകരം അയൽക്കാരുമായി പങ്ക് വെക്കാനും മന്ത്രാലയം നിർദ്ദേശിച്ചു. അധിക ഭക്ഷണം സംഭാവന ചെയ്യുന്നതിനായുള്ള ഫുഡ് ബാങ്കുകൾ പ്രവർത്തനമാരംഭിച്ചതായും മന്ത്രാലയം കൂട്ടിച്ചേർത്തു.