2023 ഏപ്രിൽ 1 മുതൽ വിദേശത്ത് നിന്ന് സൗദി അറേബ്യയിലേക്ക് പ്രവേശിക്കുന്ന ട്രക്കുകൾക്ക് പുതിയ പ്രവേശന നിബന്ധനകൾ ബാധകമാകുന്നതാണ്. ഈ നിയമം സംബന്ധിച്ച് സൗദി ട്രാൻസ്‌പോർട്ട് ജനറൽ അതോറിറ്റി ഒരു പ്രത്യേക അറിയിപ്പ് പുറത്തിറക്കിയിട്ടുണ്ട്.
2023 മാർച്ച് 25-ന് രാവിലെയാണ് സൗദി പ്രസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഈ നിയമ പ്രകാരം സൗദി അറേബ്യയിലേക്ക് പ്രവേശിക്കുന്ന മുഴുവൻ വിദേശ ട്രക്കുകളും 2023 ഏപ്രിൽ 1-ന് മുൻപായി ട്രാൻസിറ്റ് (Naql) ഇ-ഡോക്യുമെന്റ് നേടിയിരിക്കേണ്ടതാണ്.
ഈ നിബന്ധന പൂർത്തിയാക്കാൻ ഇനി ഒരാഴ്ച്ചത്തെ സമയം മാത്രമാണ് അവശേഷിക്കുന്നതെന്ന് അതോറിറ്റി ഈ അറിയിപ്പിലൂടെ ചൂണ്ടിക്കാട്ടി. വിദേശത്ത് നിന്നെത്തുന്ന ട്രക്കുകൾക്ക് സൗദി അറേബ്യയുടെ അതിർത്തികളിലൂടെ പ്രവേശിക്കുന്നതിന് ഈ ട്രാൻസിറ്റ് ഇ-ഡോക്യുമെന്റ് നിർബന്ധമാണെന്ന് അതോറിറ്റി വ്യക്തമാക്കിയിട്ടുണ്ട്.
രാജ്യത്തെ ചരക്കുഗതാഗത മേഖലയിൽ ന്യായമായ മത്സരം ഉറപ്പാക്കുന്നതിനും, ചരക്കുഗതാഗതവുമായി ബന്ധപ്പെട്ട സുരക്ഷ ഉയർത്തുന്നതിനും, നിക്ഷേപസൗഹൃദ അന്തരീക്ഷം ഉറപ്പാക്കുന്നതിനുമായാണ് ഈ നടപടി. Naql പോർട്ടലിലൂടെയാണ് ഈ ഇ-ഡോക്യുമെന്റ് ലഭ്യമാക്കുന്നത്.
ചരക്ക് അയക്കുന്നവരുടെയും, ലഭിക്കേണ്ടവരുടെയും വിവരങ്ങൾ, ഗതാഗതത്തിനായി തിരഞ്ഞെടുക്കുന്ന റൂട്ട്, സമയക്രമം മുതലായവ ഈ രേഖയിൽ ഉൾപ്പെടുത്തുന്നതാണ്.
Cover Image: Saudi Press Agency.