രാജ്യത്തിന്റെ വിവിധ മേഖലകളിൽ 2023 മാർച്ച് 27, തിങ്കളാഴ്ച മുതൽ ഇടിയോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുള്ളതായി ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. 2023 മാർച്ച് 25-നാണ് ഒമാൻ കാലാവസ്ഥാ കേന്ദ്രം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
ഈ അറിയിപ്പ് പ്രകാരം ദോഫാർ, അൽ ബുറൈമി, അൽ ദഹിറാഹ്, മുസന്ദം തുടങ്ങിയ ഗവർണറേറ്റുകളിൽ 2023 മാർച്ച് 27, തിങ്കളാഴ്ച വൈകീട്ട് മുതൽ 2023 മാർച്ച് 29, ബുധനാഴ്ച വൈകീട്ട് വരെ ഇടിയോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്. ഇതിന്റെ ഭാഗമായി താഴ്ന്ന പ്രദേശങ്ങളിൽ ജലനിരപ്പ് ഉയരുന്നതിന് സാധ്യതയുണ്ട്.
ചൊവ്വാഴ്ച മുതൽ ഈ മഴ നോർത്ത് അൽ ബതീന, സൗത്ത് അൽ ബതീന, അൽ ദാഖിലിയ, മസ്കറ്റ്, സൗത്ത് അൽ ശർഖിയ, നോർത്ത് അൽ ശർഖിയ, അൽ വുസ്ത തുടങ്ങിയ ഗവർണറേറ്റുകളിലേക്ക് വ്യാപിക്കാനിടയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്. ഇതോടൊപ്പം 15 മുതൽ 35 നോട്ട് വരെ വേഗതയുള്ള കാറ്റ്, ആലിപ്പഴം പൊഴിയൽ തുടങ്ങിയവയ്ക്കും സാധ്യതയുണ്ട്.
ഈ കാലയളവിൽ തീരദേശമേഖലകളിൽ കടൽ പ്രക്ഷുബ്ധമാകാനിടയുണ്ടെന്നും, രണ്ട് മുതൽ മൂന്ന് മീറ്റർ വരെ ഉയരമുള്ള തിരമാലകൾക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം കൂട്ടിച്ചേർത്തു. ഈ കാലയളവിൽ താഴ്വരകളിലൂടെയുള്ള സഞ്ചാരം ഒഴിവാക്കാനും, പെട്ടന്ന് വെള്ളം ഉയരാനിടയുള്ള മേഖലകളിൽ നിന്ന് വിട്ട് നിൽക്കാനും അധികൃതർ ആഹ്വാനം ചെയ്തിട്ടുണ്ട്.