സൗദി അറേബ്യ: ഗാർഹിക ജീവനക്കാരുടെ നിയമനവുമായി ബന്ധപ്പെട്ട് നടക്കുന്ന ഓൺലൈൻ തട്ടിപ്പുകളെക്കുറിച്ച് മുന്നറിയിപ്പ്

GCC News

രാജ്യത്ത് ഗാർഹിക ജീവനക്കാരുടെ നിയമനവുമായി ബന്ധപ്പെട്ട് നടക്കുന്ന ഓൺലൈൻ തട്ടിപ്പുകളെക്കുറിച്ച് സൗദി തൊഴിൽ വകുപ്പ് അധികൃതർ മുന്നറിയിപ്പ് നൽകി. 2023 മാർച്ച് 24-നാണ് മുസനാദ് പ്ലാറ്റ്ഫോം ഇതുമായി ബന്ധപ്പെട്ട അറിയിപ്പ് നൽകിയത്.

ഗാർഹിക ജീവനക്കാരുടെ നിയമനവുമായി ബന്ധപ്പെട്ട വിവിധ സേവനങ്ങൾ വാഗ്ദാനം നൽകുന്നതും, ഇതിനായി മുസനാദ് സംവിധാനത്തിന്റെ ഔദ്യോഗിക വെബ്സൈറ്റ് എന്ന് തോന്നുന്ന രീതിയിൽ തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്ന വ്യാജ വെബ്സൈറ്റുകളെക്കുറിച്ച് ജാഗ്രത പുലർത്താൻ അധികൃതർ ആഹ്വാനം ചെയ്തിട്ടുണ്ട്. ഗാർഹിക ജീവനക്കാരുടെ നിയമനവുമായി ബന്ധപ്പെട്ട എല്ലാ ഇടപാടുകകളുടെയും സാധുത https://musaned.com.sa/home എന്ന ഔദ്യോഗിക വെബ്സൈറ്റിലൂടെയാണെന്ന് പരിശോധിച്ച് ഉറപ്പ് വരുത്താനും അധികൃതർ നിർദ്ദേശിച്ചു.

ഇത്തരം തട്ടിപ്പുകൾ വാട്സ്ആപ്പ് പോലുള്ള സംവിധാനങ്ങളിലൂടെയും നടക്കുന്നതായും, സൗദി ഹ്യൂമൻ റിസോഴ്‌സസ് മന്ത്രാലയത്തിൽ നിന്നുള്ളതെന്ന രൂപത്തിൽ വരുന്ന വ്യാജ സന്ദേശങ്ങളെക്കുറിച്ച് ജാഗ്രത പുലർത്തണമെന്നും അധികൃതർ കൂട്ടിച്ചേർത്തു. ഗാർഹിക ജീവനക്കാരുടെ നിയമനവുമായി ബന്ധപ്പെട്ട് നടക്കുന്ന തട്ടിപ്പുകൾ റമദാൻ കാലയളവിൽ വർധിക്കുന്ന പശ്ചാത്തലത്തിലാണ് അധികൃതർ ഇത് സംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്.