COVID-19: നബാർഡിനോട് 2000 കോടി രൂപയുടെ സഹായം അഭ്യർത്ഥിച്ച് മുഖ്യമന്ത്രി

Business

COVID-19-ന്റെ സാമ്പത്തിക ആഘാതം  കണക്കിലെടുത്ത് ഗ്രാമീണ അടിസ്ഥാന സൗകര്യ വികസന നിധിയിൽ നിന്ന് (ആർ.ഐ.ഡി.എഫ്) 2,000 കോടി രൂപയുടെ പ്രത്യേക വായ്പ ഉൾപ്പെടെയുള്ള പുനരുദ്ധാരണ പാക്കേജ് നബാർഡ് നടപ്പാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് നബാർഡ് ചെയർമാൻ ഡോ. ഹർഷ്‌കുമാർ ബൻവാലക്ക് മുഖ്യമന്ത്രി കത്തയച്ചു.

ആർ.ഐ.ഡി.എഫിൽ നിന്നുള്ള പ്രത്യേക വായ്പ രണ്ടു ശതമാനം പലിശയ്ക്ക് അനുവദിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഇപ്പോൾ 3.9 ശതമാനമാണ് പലിശ. ബാങ്കുകൾക്ക് വർധിച്ച പുനർവായ്പ നബാർഡ് ലഭ്യമാക്കണം. ഗ്രാമീണ സമ്പദ്ഘടനയ്ക്ക് ഉണർവ് നൽകാൻ ഇതാവശ്യമാണ്.

സംസ്ഥാന സഹകരണ ബാങ്കുകൾ, ഗ്രാമീണ ബാങ്കുകൾ, കമേഴ്‌സ്യൽ ബാങ്കുകൾ തുടങ്ങിയവയ്ക്ക് നൽകുന്ന പുനർവായ്പയുടെ പലിശ നിരക്ക് 4.5 ശതമാനത്തിൽ നിന്നും രണ്ട് ശതമാനമായി കുറയ്ക്കണം. വായ്പാ പലിശ നിരക്ക് കുറയ്ക്കാൻ ഇത് ബാങ്കുകളെ സഹായിക്കും. ചെറുകിട സംരംഭങ്ങൾക്കും കൈത്തൊഴിലിനും മറ്റും നബാർഡ് ലഭ്യമാക്കുന്ന  പുനർവായ്പയുടെ പലിശ നിരക്ക്  8.4 ശതമാനത്തിൽ നിന്ന് അഞ്ച് ശതമാനമായി കുറയ്ക്കണം.

ഇടക്കാല-ദീർഘകാല നിക്ഷേപ വായ്പകൾ പ്രോൽസാഹിപ്പിക്കുന്നതിന് സംസ്ഥാന സഹകരണ ബാങ്കിന് ലോംഗ് ടേം റൂറൽ ക്രഡിറ്റ് ഫണ്ടിന്റെ പുനർവായ്പ മൂന്നു ശതമാനം നിരക്കിൽ ലഭ്യമാക്കണം. നബാർഡ്, ആർ.ബി.ഐ എന്നിവ സ്ഥാപിച്ച ക്രെഡിറ്റ് കൗൺസലിംഗ് സെന്ററുകളെ  സഹായിക്കുന്നതിന് കോ-ഓപ്പറേറ്റീവ് ഡവലപ്‌മെൻറ് ഫണ്ടിൽനിന്നും  ഫിനാൻഷ്യൽ ഇൻക്ലൂഷൻ ഫണ്ടിൽനിന്നും അധിക ഗ്രാന്റ് അനുവദിക്കണം.  

സാധ്യമായ എല്ലാ മാർഗങ്ങളും ഉപയോഗിച്ച് ഇന്നത്തെ പ്രതിസന്ധി മറികടക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. വടക്കു-കിഴക്കൻ സംസ്ഥാനങ്ങൾക്ക് നൽകുന്ന 100 ശതമാനം പുനർവായ്പ കോവിഡ് ബാധയുള്ള കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾക്കും അനുവദിക്കണമെന്നും മുഖ്യമന്ത്രി നബാർഡ് ചെയർമാനോട് അഭ്യർത്ഥിച്ചു.