എമിറേറ്റിലെ ഡെലിവറി മേഖലയിൽ പ്രവർത്തിക്കുന്ന ഏഴായിരത്തോളം ബൈക്കുകൾക്കിടയിൽ പരിശോധനകൾ നടത്തിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു. 2023 ഏപ്രിൽ 11-നാണ് ദുബായ് RTA ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
മറ്റു സർക്കാർ ഏജൻസികളുമായി സഹകരിച്ച് കൊണ്ട് നടത്തിയ ഈ പരിശോധനാ നടപടികളിൽ വിവിധ നിയമലംഘനങ്ങൾ കണ്ടെത്തിയതായി RTA വ്യക്തമാക്കി. ഡെലിവറി സേവന മേഖലയിൽ പ്രവർത്തിക്കുന്ന ബൈക്കുകൾക്കിടയിൽ സുരക്ഷ വർധിപ്പിക്കുന്നതിനായാണ് RTA ഇത്തരം പരിശോധനകളും, ബോധവത്കരണ നടപടികളും നടത്തുന്നത്.
ഇത്തരം പരിശോധനകൾ 2023 അവസാനം വരെ തുടരുമെന്ന് RTA വ്യക്തമാക്കിയിട്ടുണ്ട്. ഹെസ്സ സ്ട്രീറ്റ്, സബീൽ, ജുമേയ്‌റ തുടങ്ങിയ മേഖലകളിലാണ് ഇത്തരം പരിശോധനകൾ നടത്തിയതെന്നും RTA കൂട്ടിച്ചേർത്തു.
സുരക്ഷാ നിബന്ധനകളിലെ വീഴ്ച്ചകളും, സുരക്ഷാ ഉപകരണങ്ങൾ ധരിക്കുന്നതിലെ വീഴ്ച്ചകളും, ലൈസൻസ് കാലാവധി അവസാനിച്ച ബൈക്കുകൾ ഉപയോഗിക്കുന്നത് സംബന്ധിച്ച വീഴ്ച്ചകളും ഈ പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. ഇതിന് പുറമെ, RTA-യിൽ നിന്നുള്ള പ്രത്യേക അനുവാദം കൂടാതെ ഡെലിവറി ബൈക്കുകളിൽ പരസ്യം പതിച്ചതുമായി ബന്ധപ്പെട്ട ലംഘനങ്ങളും കണ്ടെത്തിയിട്ടുണ്ട്.
Cover Image: Dubai RTA.