ഒമാൻ: തൊഴിലിടങ്ങളിലെ സുരക്ഷ ഉറപ്പാക്കേണ്ടത് തൊഴിലുടമകളുടെ ഉത്തരവാദിത്വമാണെന്ന് ലേബർ മിനിസ്ട്രി

GCC News

രാജ്യത്തെ തൊഴിലിടങ്ങളിലെ സുരക്ഷ ഉറപ്പാക്കേണ്ടത് തൊഴിലുടമകളുടെ ഉത്തരവാദിത്വമാണെന്ന് ഒമാൻ മിനിസ്ട്രി ഓഫ് ലേബർ വ്യക്തമാക്കി. 2023 മെയ് 18-നാണ് ഒമാൻ മിനിസ്ട്രി ഓഫ് ലേബർ ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

തൊഴിലിടങ്ങളിലെത്തുന്ന തൊഴിലാളികളുടെ സുരക്ഷ, ആരോഗ്യം എന്നിവ ഉറപ്പ് വരുത്തുന്നതിനുള്ള സാഹചര്യം തൊഴിലുടമകൾ ഉറപ്പാക്കണമെന്ന് മന്ത്രാലയം അറിയിച്ചു. ഈ അറിയിപ്പ് പ്രകാരം തൊഴിലിടങ്ങളിൽ താഴെ പറയുന്ന നിർദ്ദേശങ്ങൾ പാലിക്കേണ്ടതാണ്:

  • തൊഴിലിടങ്ങളിൽ മലിനമായ വായുവിന്റെ സാന്നിധ്യം ഇല്ലാ എന്ന് ഉറപ്പ് വരുത്തുന്നതിനായി സ്വാഭാവിക, അല്ലെങ്കിൽ ഇൻഡസ്ട്രിയൽ വെന്റിലേഷൻ സംവിധാനങ്ങൾ ഏർപ്പെടുത്തേണ്ടതാണ്. തൊഴിലിടങ്ങളിൽ ശുദ്ധവായുവിന്റെ സാന്നിധ്യം ഉറപ്പ് വരുത്തേണ്ടതാണ്.
  • അടച്ചിട്ട തൊഴിലിടങ്ങളിൽ ശുദ്ധവായുവിന്റെ ലഭ്യത ഉറപ്പാക്കുന്നതിനായി ആവശ്യമായ ജനാലകൾ (നിർദിഷ്ട വലിപ്പത്തിലുളള) ഏർപ്പെടുത്തേണ്ടതാണ്.
  • വെയർഹൗസുകളിൽ മേൽക്കൂരയിലും, താഴെയും വായുസഞ്ചാരം ഉറപ്പാക്കുന്നതിനുള്ള വെന്റിലേഷൻ വെന്റുകൾ ഏർപ്പെടുത്തേണ്ടതാണ്.
  • തൊഴിലിടങ്ങളിലെ വായുവിലെ ഓക്സിജൻ നില അന്തരീക്ഷ വായുവിലുള്ളതിന്റെ 21 ശതമാനമെങ്കിലും ഉണ്ടെന്ന് ഉറപ്പാക്കേണ്ടതാണ്. ഭൂമിക്കടിയിലുള്ള തൊഴിലിടങ്ങളിലെ വായുവിലെ ഓക്സിജൻ നില അന്തരീക്ഷ വായുവിലുള്ളതിന്റെ 19.5 ശതമാനമെങ്കിലും ഉണ്ടെന്ന് ഉറപ്പാക്കേണ്ടതാണ്.
  • തൊഴിലിടങ്ങളിലെ അന്തരീക്ഷ വായുവിന്റെ ചലനവേഗത്തോത്‌ ശീതകാലത്ത് മിനിറ്റിൽ പതിനഞ്ച് മീറ്ററിലധികമാകരുത് (വേനലിൽ മിനിറ്റിൽ അമ്പത് മീറ്റർ എന്ന പരിധി). വായുവിന്റെ ചലനവേഗത്തോത്‌ ഈ പരിധിയിലും വേഗതയിൽ അനുഭവപ്പെടുന്ന സാഹചര്യങ്ങളിൽ തൊഴിൽ നിർത്തിവെക്കേണ്ടതോ, മറ്റൊരിടത്തേക്ക് മാറ്റേണ്ടതോ ആണ്.
  • തൊഴിലിടങ്ങളിലെ ഈർപ്പത്തിന്റെ തോത് എൺപത് ശതമാനത്തിൽ കൂടുതൽ ആകാതിരിക്കാൻ ശ്രദ്ധിക്കേണ്ടതാണ്. ഈർപ്പം ഈ പരിധിയിലും കൂടുന്ന സാഹചര്യങ്ങളിൽ തൊഴിൽ നിർത്തിവെക്കേണ്ടതോ, മറ്റൊരിടത്തേക്ക് മാറ്റേണ്ടതോ ആണ്.

Cover Image: Pixabay.