റിയാദ്, ജിദ്ദ, ദഹ്റാൻ എന്നീ നഗരങ്ങളിൽ ഒരുക്കിയിട്ടുള്ള ‘സൗദി റ്റുവാർഡ്‌സ് സ്പേസ്’ ബഹിരാകാശ പ്രദർശനങ്ങൾ ആരംഭിച്ചു. 2023 മെയ് 21 മുതലാണ് ഈ പ്രത്യേക സ്പേസ് എക്സിബിഷനുകൾ ആരംഭിച്ചിരിക്കുന്നത്.
2023 മെയ് 21-ന് ആരംഭിച്ച സൗദി അറേബ്യയുടെ ആദ്യ ബഹിരാകാശ ദൗത്യത്തിന്റെ പശ്ചാത്തലത്തിലാണ് ഈ മൂന്ന് നഗരങ്ങളിൽ പ്രത്യേക സ്പേസ് എക്സിബിഷനുകൾ നടത്തുന്നത്. റിയാദിൽ നടക്കുന്ന ‘സൗദി റ്റുവാർഡ്‌സ് സ്പേസ്’ എക്സിബിഷൻ 2023 ജൂൺ 1 വരെ നീണ്ട് നിൽക്കുന്നതാണ്.
ജിദ്ദ, ദഹ്റാൻ എന്നീ നഗരങ്ങളിൽ ഈ പ്രദർശനം 2023 ജൂൺ 2 വരെ നീണ്ട് നിൽക്കും. സന്ദർശകർക്ക് ബഹിരാകാശ യാത്രകളെക്കുറിച്ചും, ബഹിരാകാശ ശാസ്ത്രത്തെക്കുറിച്ചും കൂടുതൽ അറിവുകൾ നൽകുന്നതിനാണ് ഈ പ്രദർശനത്തിലൂടെ ലക്ഷ്യമിടുന്നത്.
ഈ പ്രദർശത്തിൽ പ്രപഞ്ചത്തിന്റെ ഘടന സംബന്ധിച്ചുള്ള ഏറ്റവും നൂതനമായ ശാസ്ത്രീയ സിദ്ധാന്തങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങൾ സിമുലേറ്ററുകളുടെയും, ലൈവ് ഷോകളുടെയും, വർക്ക്ഷോപ്പുകളുടെയും സഹായത്തോടെ സന്ദർശകർക്ക് മുന്നിൽ അവതരിപ്പിക്കുന്നതാണ്.
സൗദി അറേബ്യയുടെ ആദ്യ ബഹിരാകാശ ദൗത്യത്തിന്റെ ഭാഗമായുള്ള ദൗത്യസംഘം 2023 മെയ് 22-ന് വൈകീട്ട് ഇന്റർനാഷണൽ സ്പേസ് സ്റ്റേഷനിലെത്തിച്ചേർന്നിട്ടുണ്ട്.
ഈ ബഹിരാകാശ ദൗത്യത്തിന്റെ ഭാഗമായുള്ള സൗദി ബഹിരാകാശ യാത്രികരായ അലി അൽ ഖാർനി, രയ്യാനാഹ് ബർനാവി എന്നിവരും മറ്റു രണ്ട് ബാഹ്യാകാശ സഞ്ചാരികളും അന്താരാഷ്ട്ര ബഹിരാകാശനിലയത്തിലേക്ക് പ്രവേശിച്ചിട്ടുണ്ട്.
Cover Image: Saudi Space Commission.