രാജ്യത്തെ ആരോഗ്യ പരിചരണ കേന്ദ്രങ്ങളിലെത്തുന്ന രോഗികളുടെ സ്വകാര്യതയ്ക്ക് പ്രാധാന്യം നൽകണമെന്ന് കുവൈറ്റ് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. കുവൈറ്റിലെ മെഡിക്കൽ നിയമത്തിലെ ആർട്ടിക്കിൾ 9 അനുശാസിക്കുന്ന രോഗികളുടെ സ്വകാര്യത, അന്തസ്സ്, ഒരേ പോലുള്ള ചികിത്സ എന്നിവ സംബന്ധിച്ച അവകാശങ്ങൾ പാലിക്കേണ്ടത് പ്രധാനമാണെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി.
കുവൈറ്റിലെ ആരോഗ്യ പരിചരണകേന്ദ്രങ്ങൾക്കും, രോഗികൾക്കും അവരുടേതായ അവകാശങ്ങളുണ്ടെന്നും അവ ബഹുമാനിക്കേണ്ടതാണെന്നും മന്ത്രാലയം അറിയിച്ചു. രോഗികൾ ആരോഗ്യ പരിചരണം നേടുന്ന അവസരത്തിൽ അവരുടെ ഫോട്ടോ എടുക്കുന്നത് നിയമം മൂലം കർശനമായി വിലക്കിയിട്ടുണ്ടെന്ന് മന്ത്രാലയം ഓർമ്മപ്പെടുത്തി.
ഇത് ആരോഗ്യ പരിചരണ കേന്ദ്രങ്ങൾക്കും, അവിടെ എത്തുന്ന മറ്റുള്ളവർക്കും ബാധകമാണെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു. പ്രവാസികൾക്ക് ചികിത്സ ലഭിക്കുന്നതിന് സാധുതയുള്ള റെസിഡൻസി, ഹെൽത്ത് ഇൻഷുറൻസ്, ഫീസ് മുതലായ നിബന്ധനകൾ ബാധകമാണെന്ന് മന്ത്രാലയം വ്യക്തമാക്കി.