കുവൈറ്റ്: ഹജ്ജ് തീർത്ഥാടകർക്കുള്ള മാർഗ്ഗനിർദ്ദേശങ്ങൾ സംബന്ധിച്ച് ആരോഗ്യ മന്ത്രാലയം അറിയിപ്പ് നൽകി

GCC News

രാജ്യത്ത് നിന്ന് ഹജ്ജ് അനുഷ്ഠിക്കുന്നതിനായി സൗദി അറേബ്യയിലേക്ക് സഞ്ചരിക്കുന്നവർ പാലിക്കേണ്ട ആരോഗ്യസുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ സംബന്ധിച്ച് കുവൈറ്റ് ആരോഗ്യ മന്ത്രാലയം അറിയിപ്പ് നൽകി. 2023 ജൂൺ 10-നാണ് കുവൈറ്റ് ആരോഗ്യ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.

ഈ അറിയിപ്പ് പ്രകാരം താഴെ പറയുന്ന നിർദ്ദേശങ്ങളാണ് കുവൈറ്റ് ആരോഗ്യ മന്ത്രാലയം പങ്ക് വെച്ചിരിക്കുന്നത്:

  • ഹജ്ജിനായി പോകുന്ന തീർത്ഥാടകർ COVID-19 വാക്സിൻ (എല്ലാ ഡോസുകളും), മെനിഞ്ചൈറ്റിസിനുള്ള വാക്സിൻ, സീസണൽ ഫ്ലൂ വാക്സിൻ എന്നിവ നിർബന്ധമായും സ്വീകരിച്ചിരിക്കണം. സൗദി അറേബ്യയിലേക്ക് യാത്ര തിരിക്കുന്നതിന് 10 ദിവസം മുൻപെങ്കിലും ഈ വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയിരിക്കണം.
  • തീർത്ഥാടകർ യാത്രയിലുടനീളം തങ്ങളുടെ കൈവശം ആവശ്യമായ എല്ലാ വാക്സിനേഷൻ സർട്ടിഫിക്കറ്റുകളും കരുതേണ്ടതാണ്.
  • പ്രമേഹം, ഹൃദയസംബന്ധിയായ രോഗങ്ങൾ മുതലായവയുള്ള വ്യക്തികൾ ഹജ്ജ് തീർത്ഥാടനത്തിന് യാത്ര തിരിക്കുന്നതിന് മുൻപായി തങ്ങളുടെ ഡോക്ടറെ കണ്ട് അഭിപ്രായം തേടിയിരിക്കണം. ഇത്തരം വ്യക്തികൾ യാത്രയിൽ തങ്ങൾക്കാവശ്യമുള്ള മരുന്നുകൾ മതിയയായ അളവിൽ കൈവശം കരുതേണ്ടതാണ്. ഇത്തരം വ്യക്തികൾ അവരുടെ രോഗവിവരം സംബന്ധിച്ച രേഖകൾ, ഏറ്റവും പുതിയ മെഡിക്കൽ റിപ്പോർട്ടുകൾ, മരുന്ന് വിവരങ്ങൾ, അവയുടെ ഡോസുകൾ മുതലായവ കൈവശം കരുതേണ്ടതാണ്.
  • മാസ്കുകൾ ഉപയോഗിക്കുന്നതും, ചുമയ്ക്കുമ്പോഴും, തുമ്മുമ്പോഴും ടവൽ ഉപയോഗിക്കുന്നതും, കൈകൾ എപ്പോഴും ശുചിയാക്കുന്നതും ശ്വാസകോശ സംബന്ധിയായ പ്രശ്നങ്ങൾ ഒഴിവാക്കാൻ നല്ലതാണ്. രോഗലക്ഷണങ്ങളുള്ളവരുമായുള്ള സമ്പർക്കം ഒഴിവാക്കേണ്ടതാണ്.
  • നിർജ്ജലീകരണം ഒഴിവാക്കുന്നതിനായി തീർത്ഥാടകർ ധാരാളം വെള്ളം, ജ്യൂസ് മുതലായവ കുടിയ്ക്കാൻ ശ്രദ്ധിക്കേണ്ടതും, പഴം, പച്ചക്കറികൾ തുടങ്ങിയ ജലാംശം ധാരാളമുള്ള ഭക്ഷണങ്ങൾ കഴിക്കേണ്ടതുമാണ്.
  • നേരിട്ട് സൂര്യ പ്രകാശം ഏൽക്കുന്നതും, ചൂട് ഏൽക്കുന്നതും, തിരക്കുള്ള സ്ഥലങ്ങളും കഴിയുന്നതും ഒഴിവാക്കേണ്ടതാണ്.
  • തീർത്ഥാടകർ സൗദി അധികൃതർ നൽകുന്ന ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കേണ്ടതാണ്.