സൗദി: വ്യാജ സ്വർണ്ണം വിപണനം ചെയ്യുന്നവർക്ക് തടവ് ശിക്ഷയും, കനത്ത പിഴയും ലഭിക്കുമെന്ന് മുന്നറിയിപ്പ്

featured GCC News

രാജ്യത്ത് വ്യാജ സ്വർണ്ണം വിപണനം ചെയ്യുന്നവർക്ക് തടവ് ശിക്ഷയും, കനത്ത പിഴയും ലഭിക്കുമെന്ന് സൗദി വാണിജ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി. മന്ത്രാലയത്തിലെ സ്രോതസ്സുകളെ ഉദ്ധരിച്ച് കൊണ്ട് പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

സൗദി അറേബ്യയിലെ സ്വർണ്ണ വ്യാപാരത്തിന് ഏർപ്പെടുത്തിയിട്ടുള്ള മാനദണ്ഡങ്ങൾ, നിബന്ധനകൾ എന്നിവ മറികടക്കുന്നവർക്കെതിരെ നിയമം അനുശാസിക്കുന്ന നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. സൗദിയിലെ പ്രെഷ്യസ് മെറ്റൽസ് ആൻഡ് ജംസ്റ്റോൺസ് ലോയിലെ വ്യവസ്ഥകൾ ലംഘിക്കുന്നവർക്ക് 2 വർഷം വരെ തടവും, നാല് ലക്ഷം റിയാൽ പിഴയും ശിക്ഷയായി ലഭിക്കാവുന്നതാണ്.

ഈ നിയമം പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനായി പ്രത്യേക ഉദ്യോഗസ്ഥ സംഘങ്ങൾ സ്വർണ്ണവില്പനശാലകളിൽ പരിശോധനകൾ നടത്തുന്നതാണ്. ഇതിന്റെ ഭാഗമായി ഇവർ ഇത്തരം വില്പന കേന്ദ്രങ്ങളിൽ നിന്ന് വിലകൂടിയ ലോഹങ്ങളുടെയും, രത്നക്കല്ലുകളുടെയും അംശങ്ങൾ ശേഖരിക്കുന്നതും, അവ സൗദി സ്റ്റാൻഡേർഡ്‌സ്, മെട്രോളജി ആൻഡ് ക്വാളിറ്റി ഓർഗനൈസേഷന്റെ കീഴിലുള്ള ലാബുകളിൽ പരിശോധിക്കുന്നതുമാണ്.

ഇത്തരം പരിശോധനകളിൽ സ്വർണ്ണാഭരണങ്ങളിലുള്ള സ്റ്റാമ്പുകൾ സാധുതയുള്ളവയെന്നും, സ്വർണ്ണത്തിന്റെ സ്വാഭാവദാര്‍ഢ്യത്തിൽ കുറവ് ഒന്നുംതന്നെ ഇല്ലെന്നും ഉറപ്പ് വരുത്തുന്നതുമാണ്. ഇത്തരം പരിശോധനകളിൽ സ്വർണ്ണവില്പനശാലകളുടെ ലൈസൻസ് കാലാവധി, കൃത്യമായ ഇൻവോയ്‌സ്‌ വിവരങ്ങളുടെ രേഖപ്പെടുത്തൽ, സ്വർണ്ണത്തിന്റെ പരിശുദ്ധി മുതലായ ഘടകങ്ങളും പരിശോധിച്ച് ഉറപ്പ് വരുത്തുന്നതാണെന്ന് അധികൃതർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

Cover Image: Pixabay.