അജ്മാനിലെ അൽ ഇത്തിഹാദ് സ്ട്രീറ്റ് നവീകരണ പദ്ധതിയുടെ ആദ്യ ഘട്ടം പൂർത്തിയാക്കി പൊതുജനങ്ങൾക്കായി തുറന്ന് കൊടുത്തതായി അധികൃതർ അറിയിച്ചു. അജ്മാൻ മുനിസിപ്പാലിറ്റി ആൻഡ് പ്ലാനിംഗ് വകുപ്പാണ് ഇക്കാര്യം അറിയിച്ചത്.
ഈ സ്ട്രീറ്റിന്റെ നവീകരിച്ച ഭാഗങ്ങൾ 2023 ജൂലൈ 9 മുതൽ പൊതുജനങ്ങൾക്ക് തുറന്ന് കൊടുത്തിട്ടുണ്ട്. ഒന്നാം ഘട്ടം പൂർത്തിയാക്കുന്നതിന് നിശ്ചയിച്ചിരുന്ന തീയതിയിലും നേരത്തെ നിർമ്മാണപ്രവർത്തനങ്ങൾ പൂർത്തിയാക്കിയതായും അധികൃതർ കൂട്ടിച്ചേർത്തു.
മണിക്കൂറിൽ ഏതാണ്ട് 16000 വാഹനങ്ങൾക്ക് സഞ്ചരിക്കാനാകുന്ന രീതിയിൽ അഞ്ച് വരികളായാണ് ഈ നിർമ്മാണം.
2022 ജൂലൈയിൽ ആരംഭിച്ച ഈ നവീകരണ പ്രവർത്തനങ്ങളിൽ അൽ ഇത്തിഹാദ് സ്ട്രീറ്റിലെ ഒരു പാലത്തിന്റെ നിർമ്മാണവും ഉൾപ്പെടുന്നു. ദുബായിൽ നിന്ന് ഷെയ്ഖ് ഖലീഫ ഇന്റർസെക്ഷനിലേക്ക് സഞ്ചരിക്കുന്ന വാഹനങ്ങൾക്കായി മൂന്ന് വരികളാണ് ഇതിൽ നിർമ്മിച്ചിരിക്കുന്നത്.
അൽ ഇത്തിഹാദ് സ്ട്രീറ്റ്, കുവൈറ്റ് സ്ട്രീറ്റ് എന്നിവയുടെ ഇന്റർസെക്ഷനിലെ സിഗ്നലുകൾ, അജ്മാൻ ഇൻഡസ്ട്രിയൽ ഏരിയയിൽ നിന്ന് അൽ ഹസ്സൻ ബിൻ അൽ ഹൈതം സ്ട്രീറ്റിലൂടെ ഷാർജയിലേക്ക് സഞ്ചരിക്കുന്നവർക്കുള്ള ഒരു പാലം എന്നിവയുടെ നിർമ്മാണവും ഇതിന്റെ ഭാഗമാണ്.
Cover Image: Ajman Municipality.