രാജ്യത്തെ കാറുകൾ, മോട്ടോർ ബൈക്കുകൾ മുതലായ വാഹനങ്ങൾ അവ പുറപ്പെടുവിക്കുന്ന ശബ്ദത്തിന്റെ തോത് സംബന്ധിച്ച് നിലനിൽക്കുന്ന മാനദണ്‌ഡങ്ങൾ കർശനമായി പാലിക്കണമെന്ന് ഖത്തർ വാണിജ്യ, വ്യവസായ മന്ത്രാലയം (MOCI) ചൂണ്ടിക്കാട്ടി. ഇതുമായി ബന്ധപ്പെട്ട ഒരു ഔദ്യോഗിക വിജ്ഞാപനം മന്ത്രാലയത്തിൽ നിന്ന് ഖത്തറിലെ കാർ, ബൈക്ക് ഡീലർഷിപ്പുകൾക്കും, വാഹനങ്ങളുടെ അറ്റകുറ്റപ്പണികൾ സംബന്ധിച്ച സേവനങ്ങൾ നൽകുന്ന സ്ഥാപനങ്ങൾക്കും അയച്ചിട്ടുണ്ട്.
വാഹനങ്ങൾ പുറപ്പെടുവിക്കുന്ന ശബ്ദത്തിന്റെ തോത് സംബന്ധിച്ച് ഖത്തർ ജനറൽ ഓർഗനൈസേഷൻ ഓഫ് സ്റ്റാൻഡേർഡ്‌സ് ആൻഡ് മെട്രോളജി നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങൾ പാലിക്കപ്പെടുന്നുണ്ടെന്ന് ഈ മേഖലയിലെ എല്ലാ സേവനദാതാക്കളും ഉറപ്പ് വരുത്തണമെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ഖത്തറിലെ കൺസ്യൂമർ പ്രൊട്ടക്ഷൻ നിയമം ‘8/ 2008’, അതിന്റെ അനുബന്ധ വകുപ്പുകൾ എന്നിവ പ്രകാരമാണിത്.
ഈ നിയമം അനുസരിച്ച് ഖത്തറിലെ വാഹനങ്ങൾ ശബ്ദത്തിന്റെ തോത് സംബന്ധിച്ച് താഴെ പറയുന്ന മാനദണ്ഡങ്ങൾ പാലിക്കേണ്ടതാണ്:
- ഗൾഫ് സ്റ്റാൻഡേർഡ്/ കാർസ് നോയ്‌സ് പൊല്യൂഷൻ – GSO1624/2002.
- ഗൾഫ് സ്റ്റാൻഡേർഡ്/ മോട്ടോർസൈക്കിൾസ് നോയ്‌സ് പൊല്യൂഷൻ – GSO ECE 41-1:2007.
- വാഹനങ്ങൾ സഞ്ചരിക്കുമ്പോൾ പുറപ്പെടുവിക്കുന്ന ശബ്ദം അവയ്ക്ക് നിശ്ചയിച്ചിട്ടുള്ള ശബ്ദപരിധിയ്ക്ക് (ഡെസിബെലിൽ) മുകളിൽ ആയിരിക്കരുത്. പെട്രോൾ, ഡീസൽ വാഹനങ്ങൾക്കെല്ലാം ഈ നിബന്ധന ബാധകം.
- നിശ്ചയിച്ചതിലും കൂടുതൽ ഡെസിബെലിൽ ശബ്ദം പുറപ്പെടുവിക്കുന്നത് ‘8/ 2008’ നിയമത്തിലെ ആർട്ടിക്കിൾ 5, 6, 13 എന്നിവയുടെ ലംഘനമാണ്.
ഈ നിയമങ്ങൾ പ്രകാരം, ഇത്തരം നിർദ്ദേശങ്ങളിൽ വീഴ്ച വരുത്തുന്നവർക്ക് ഒരു മില്യൺ റിയാൽ പിഴ, 2 വർഷം വരെ തടവ് മുതലായവ ശിക്ഷയായി ലഭിക്കാവുന്നതാണ്.
Cover Image: Pixabay.