ഖത്തർ: അന്തരീക്ഷ താപനില ഉയരുന്നു; സുരക്ഷാ മുന്നറിയിപ്പുമായി HMC

featured GCC News

ഖത്തറിൽ അന്തരീക്ഷ താപനില, ആര്‍ദ്രത എന്നിവ ഉയരുന്ന സാഹചര്യത്തിൽ സൂര്യാഘാതം ഒഴിവാക്കുന്നതിനായി പാലിക്കേണ്ട സുരക്ഷാ നിർദ്ദേശങ്ങൾ സംബന്ധിച്ച് ഹമദ് മെഡിക്കൽ കോർപറേഷൻ (HMC) അറിയിപ്പ് നൽകി.

ചൂട് മൂലം ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾ ഒഴിവാക്കുന്നതിനെക്കുറിച്ചും, സൂര്യാഘാതം പോലുള്ള ആരോഗ്യ സുരക്ഷാ പ്രശ്നങ്ങൾ തുടക്കത്തിൽ തന്നെ തിരിച്ചറിഞ്ഞ് ആവശ്യമായ പ്രതിരോധ നടപടികൾ സ്വീകരിക്കുന്നതിനെക്കുറിച്ചും ഈ അറിയിപ്പിൽ HMC വ്യക്തമാക്കിയിട്ടുണ്ട്.

അന്തരീക്ഷ താപനില ഉയരുന്ന സാഹചര്യത്തിൽ സൂര്യാഘാതം പോലുള്ള ആരോഗ്യ പ്രശ്നങ്ങൾ ഒഴിവാക്കുന്നതിനായി HMC നൽകിയിട്ടുള്ള നിർദ്ദേശങ്ങൾ:

  • ചൂട് ഉയരുന്ന കാലയളവിൽ ദിനവും പകൽ 11 മണിമുതൽ വൈകീട്ട് 3 മണിവരെ സൂര്യപ്രകാശം ഏൽക്കാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കുകയും, പരമാവധി വീടുകളുടെയോ, കെട്ടിടങ്ങളുടെയോ ഉള്ളിൽ തുടരുകയും ചെയ്യേണ്ടതാണ്.
  • നേരിട്ടുള്ള സൂര്യപ്രകാശം ഏൽക്കുന്നത് സൂര്യാഘാതത്തിന് ഇടയാക്കുന്നതാണ്. പ്രായമായവർ, ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവർ, കുട്ടികൾ എന്നിവരിൽ ഇതിനുള്ള സാധ്യത കൂടുതലാണ്. ശരീരോഷ്മാവ് നിയന്ത്രക്കാനാകാത്ത വിധം ഉയരുന്ന അവസരത്തിലാണ് സൂര്യാഘാതം ഏൽക്കുന്നത്.
  • ഉയർന്ന ശരീരോഷ്മാവ്, വിയർക്കൽ, അടക്കാനാകാത്ത ദാഹം, നെഞ്ചിടിപ്പിൽ വർദ്ധനവ്, ശരീരം മുഴുവൻ ചുവപ്പ് നിറമാകുന്നത്, തലവേദന, തലചുറ്റൽ, ഓക്കാനം, ബോധം മറയൽ, കടുത്ത ക്ഷീണം മുതലായവയാണ് സൂര്യാഘാതത്തിന്റെ ലക്ഷണങ്ങൾ
  • സൂര്യാഘാതം ഏൽക്കുന്നത് ഒഴിവാക്കുന്നതിനായി ധാരാളം വെള്ളം കുടിയ്ക്കുകയും, അയഞ്ഞതും, ഭാരം കുറഞ്ഞതും, സുഖപ്രദമായതുമായ വസ്ത്രങ്ങൾ ധരിയ്ക്കുകയും, പകൽ 11 മുതൽ 3 മണിവരെ നേരിട്ടുള്ള സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുകയും ചെയ്യേണ്ടതാണ്.
  • ക്ഷീണം തോന്നുന്ന അവസരത്തിൽ കഠിനമായ പ്രവർത്തികളിൽ ഏർപ്പെടുന്നത് ഒഴിവാക്കേണ്ടതും, തണുത്ത വെള്ളത്തിൽ കുളിക്കുകയോ, കോൾഡ് പാഡുകൾ ഉപയോഗിക്കുകയോ ചെയ്ത് കൊണ്ട് ശരീരോഷമാവ് കുറയ്‌ക്കേണ്ടതുമാണ്.
  • ഒരു വ്യക്തിയ്ക്ക് സൂര്യാഘാതം ഏൽക്കുന്ന അവസരത്തിൽ പ്രഥമശുശ്രൂഷ എന്ന രീതിയിൽ അവരെ തല്‍ക്ഷണം തന്നെ ഒരു തണലുള്ളതും, ചൂട് കുറഞ്ഞതുമായ ഇടത്തേക്ക് മാറ്റേണ്ടതും, വ്യക്തിയെ തല, ചുമൽ എന്നിവ ഉയർന്നിരിക്കുന്ന രീതിയിൽ മലർത്തി കിടത്തേണ്ടതുമാണ്. തുടർന്ന് ഇവർക്ക് കുടിയ്ക്കാൻ വെള്ളം നൽകേണ്ടതും, ശരീരോഷ്മാവ് കുറയ്ക്കുന്നതിനായി കോൾഡ് പാഡുകൾ ഉപയോഗിക്കേണ്ടതുമാണ്.
  • അടിയന്തിര സാഹചര്യങ്ങളിൽ (സൂര്യാഘാതം ഏറ്റ വ്യക്തി 30 മിനിറ്റിനകം സുഖം പ്രാപിക്കാതിരിക്കുക, ശരീരോഷ്മാവ് 40 ഡിഗ്രി സെൽഷ്യസിലും കൂടുതലായി തുടരുക തുടങ്ങിയ സാഹചര്യങ്ങളിൽ) 999 എന്ന നമ്പറിൽ ബന്ധപ്പെടേണ്ടതാണ്.

രാജ്യത്ത് 2023 ജൂലൈ 17 മുതൽ പടിപടിയായി അന്തരീക്ഷ താപനില ഉയരാൻ ഇടയുണ്ടെന്ന് ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകിയ സാഹചര്യത്തിലാണ് HMC ഈ സുരക്ഷാ നിർദ്ദേശങ്ങൾ ചൂണ്ടിക്കാട്ടിയത്.

Cover Image: Pixabay.