വേനലവധിക്കാല യാത്രകൾക്ക് മുൻപായി തങ്ങളുടെ വീടുകളുടെ സുരക്ഷ ഉറപ്പാക്കാൻ എമിറേറ്റിലെ നിവാസികളോട് അബുദാബി പോലീസ് ആഹ്വാനം ചെയ്തു.
എമിറേറ്റിൽ വേനൽക്കാല സുരക്ഷ സംബന്ധിച്ച് പൊതുജനങ്ങൾക്കിടയിൽ ബോധവത്കരണം നൽകുന്നത് ലക്ഷ്യമിട്ട് കൊണ്ട് അബുദാബി പോലീസ് നിലവിൽ നടത്തിവരുന്ന സേഫ് സമ്മർ ക്യാമ്പയിനിന്റെ ഭാഗമായാണ് അധികൃതർ ഇക്കാര്യം അറിയിച്ചത്. യാത്ര ആരംഭിക്കുന്നതിന് മുൻപായി വീടുകളുടെ വാതിലുകൾ, ജനാലകൾ മുതലായവ പൂട്ടിയിട്ടുണ്ടെന്ന് ഉറപ്പ് വരുത്താൻ പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.
സംശയകരമായ സാഹചര്യങ്ങൾ നിരീക്ഷിക്കുന്നതിനായി വീടുകൾക്ക് ചുറ്റും നിരീക്ഷണ കാമറകൾ സ്ഥാപിക്കാനും പോലീസ് ആഹ്വാനം ചെയ്തിട്ടുണ്ട്. വിലപിടിപ്പുള്ള വസ്തുക്കൾ ബാങ്കുകൾ പോലുള്ള സുരക്ഷിതമായ ഇടങ്ങളിൽ സൂക്ഷിക്കാനും പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.
ഇലെക്ട്രിസിറ്റി, ഗ്യാസ് മുതലായവയുമായി ബന്ധപ്പെട്ട സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി ഇത്തരം സംവിധാനങ്ങൾ കൃത്യമായ ഇടവേളകളിൽ സുരക്ഷാ പരിശോധനകൾക്കും, അറ്റകുറ്റപ്പണികൾക്കും വിധേയമാക്കണമെന്നും പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. തീപിടുത്തം മൂലമുള്ള അപകടങ്ങൾ ഒഴിവാക്കുന്നതിനായി ഇത് വളരെ പ്രധാനമാണെന്ന് പോലീസ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. യാത്രാ സംബന്ധിയായ വിവരങ്ങൾ നിങ്ങളുടെ അയൽവാസികളുമായി പങ്ക് വെക്കാനും പോലീസ് നിർദ്ദേശിച്ചിട്ടുണ്ട്.
സേഫ് സമ്മർ ക്യാമ്പയിനിന്റെ നാലാമത് പതിപ്പിന് 2023 ജൂലൈ അവസാനത്തോടെ അബുദാബി പോലീസ് തുടക്കമിട്ടിരുന്നു. പൊതുജനങ്ങൾക്കിടയിൽ വേനൽക്കാലത്ത് കൈക്കൊള്ളേണ്ട സുരക്ഷാ മുൻകരുതലുകൾ സംബന്ധിച്ച് അവബോധം വളർത്തുന്നതിനായാണ് അബുദാബി പോലീസ് ഇത്തരം ഒരു പ്രചാരണ പരിപാടി ആരംഭിച്ചിരിക്കുന്നത്.
Cover Image: Abu Dhabi Police