വ്യാജ കറൻസി നൽകി തട്ടിപ്പു നടത്തുന്നതായി സംശയിക്കുന്ന ഒരു സംഘത്തിനെതിരെ അന്വേഷണം ആരംഭിച്ചതായി യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു. 2023 സെപ്റ്റംബർ 15-നാണ് യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ ഇക്കാര്യം അറിയിച്ചത്.
വ്യക്തികളെ ലക്ഷ്യമിട്ട് കൊണ്ട് സാമൂഹിക മാധ്യമങ്ങളിലൂടെയാണ് ഈ സംഘം തട്ടിപ്പ് നടത്തുന്നതെന്ന് പബ്ലിക് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കറൻസി വിനിമയ നിരക്കുകളിൽ അമ്പത് ശതമാനം വരെ ഇളവ് വാഗ്ദാനം ചെയ്യുന്ന രീതിയിലുള്ള പരസ്യങ്ങൾ നൽകിക്കൊണ്ടാണ് ഇവർ വ്യക്തികളെ തട്ടിപ്പിനിരയാക്കുന്നത്.
ഇത്തരം പരസ്യങ്ങളിൽ ആകൃഷ്ടരാകുന്ന വ്യക്തികളെ വിവിധ ഇടങ്ങളിലേക്ക് വിളിച്ച് വരുത്തുകയും, യു എ ഇ ദിർഹത്തിന് പകരമായി വിവിധ വിദേശ കറൻസികളുടെ വ്യാജ നോട്ടുകൾ നൽകി കടന്ന് കളയുകയും ചെയ്യുന്ന രീതിയിൽ പ്രവർത്തിച്ചിരുന്ന ഈ സംഘത്തിനെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതിന്റെ ഭാഗമായുള്ള അന്വേഷണങ്ങൾ ആരംഭിച്ചതായി പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കിയിട്ടുണ്ട്.
ഇത്തരം പരസ്യങ്ങൾക്കെതിരെ ജാഗ്രത പുലർത്താനും, ഇത്തരം തട്ടിപ്പുകൾക്കിരയാകരുതെന്നും പൊതുജനങ്ങളോട് പബ്ലിക് പ്രോസിക്യൂഷൻ ആഹ്വാനം ചെയ്തിട്ടുണ്ട്. കറൻസികൾ മാറ്റിയെടുക്കുന്നതിനായി അംഗീകൃത എക്സ്ചേഞ്ച് സ്ഥാപനങ്ങളുടെ സേവനം ഉപയോഗപ്പെടുത്തണമെന്നും അധികൃതർ കൂട്ടിച്ചേർത്തു.