സൗദി: സെപ്റ്റംബർ 30 മുതൽ വിമാനയാത്രകളുമായി ബന്ധപ്പെട്ട് IATA ട്രാവൽ പാസിന് അനുമതി നൽകാൻ തീരുമാനം

featured GCC News

2021 സെപ്റ്റംബർ 30 മുതൽ വിദേശ വിമാനയാത്രകളുമായി ബന്ധപ്പെട്ട് യാത്രികരുടെ COVID-19 ടെസ്റ്റ് റിസൾട്ട് നിർണ്ണയിക്കുന്നതിന് ഇന്റർനാഷണൽ എയർ ട്രാൻസ്‌പോർട്ട് അസോസിയേഷന്റെ (IATA) ട്രാവൽ പാസിന് അനുമതി നൽകാൻ സൗദി അറേബ്യ തീരുമാനിച്ചു. ആദ്യ ഘട്ടത്തിൽ യാത്രികർ COVID-19 രോഗബാധിതരല്ലെന്ന് ഉറപ്പ് വരുത്തുന്നതിനും, തുടർന്ന് യാത്രികരുടെ വാക്സിനേഷൻ സ്റ്റാറ്റസ് സ്ഥിരീകരിക്കുന്നതിനുമായാണ് IATA ട്രാവൽ പാസ് ഉപയോഗിക്കുന്നതിന് സൗദി അറേബ്യ തീരുമാനിച്ചിരിക്കുന്നത്.

https://twitter.com/SDAIA_SA/status/1428084615844085774

ഇതിനായി സൗദി അറേബ്യയുടെ COVID-19 ആപ്പ് ആയ ‘Tawakkalna’-യിലെ ഹെൽത്ത് പാസ്സ്‌പോർട്ട് സംവിധാനം IATA-യുമായി സംയോജിപ്പിക്കുന്നതിന് ആവശ്യമായ നടപടികൾ സൗദി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ (GACA), സൗദി ഡാറ്റ ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അതോറിറ്റി (SDAIA) എന്നിവർ ചേർന്ന് സംയുക്തമായി നടപ്പിലാക്കുന്നതാണ്. ഇതിനായുള്ള ഔദ്യോഗിക കരാറിൽ GACA, SDAIA എന്നിവർ ഓഗസ്റ്റ് 18-ന് ഒപ്പ് വെച്ചിട്ടുണ്ട്.

ഈ തീരുമാനം പ്രാബല്യത്തിൽ വരുന്നതോടെ, സൗദിയിലേക്കും, തിരികെയും യാത്ര ചെയ്യുന്നവർക്ക് തങ്ങളുടെ COVID-19 ടെസ്റ്റ് റിസൾട്ട് തെളിയിക്കുന്നതിനായി Tawakkalna അല്ലെങ്കിൽ IATA ആപ്പുകൾ ഉരുപയോഗിക്കാൻ സാധിക്കുന്നതാണ്. അന്താരാഷ്ട്ര വ്യോമയാന മേഖലയിൽ ഡിജിറ്റൽ ഹെൽത്ത് സർട്ടിഫിക്കറ്റുകൾ ഏകോപനത്തോടെ ഉപയോഗിക്കുന്നതിനും, അന്താരാഷ്ട്ര വിമാനയാത്രകൾ പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യമിട്ടാണ് ഈ നടപടി. ആഗോളതലത്തിൽ IATA ട്രാവൽ പാസ് നടപ്പിലാക്കുന്ന ആദ്യ രാജ്യങ്ങളിലൊന്നാണ് സൗദി അറേബ്യ.

അന്താരാഷ്ട്ര വിമാന യാത്രികർക്ക് തങ്ങളുടെ ആരോഗ്യ സ്റ്റാറ്റസ് എളുപ്പത്തിൽ തെളിയിക്കുന്നതിനും, വിവിധ രാജ്യങ്ങളിലേക്ക് പ്രവേശിക്കുന്നതിന് ബാധകമാകുന്ന COVID-19 മാനദണ്ഡങ്ങൾ അറിയുന്നതിനും IATA ട്രാവൽ പാസ് സഹായകമാണ്. നിലവിൽ സിംഗപ്പൂർ, പനാമ തുടങ്ങിയ രാജ്യങ്ങൾ ഇതിന് ഔദ്യോഗിക അംഗീകാരം നൽകിയിട്ടുണ്ട്.