സൈനിക, നാവിക മേഖലകളിലെ സഹകരണം തുടരാൻ ഒമാനും ഇന്ത്യയും ധാരണയായി

featured GCC News

സൈനിക രംഗത്തും, നാവിക മേഖലയിലും ഇരു രാജ്യങ്ങളും പുലർത്തിവന്നിരുന്ന സഹകരണം തുടരാൻ ഇന്ത്യയും, ഒമാനും ധാരണയായി. ഇത് സംബന്ധിച്ച ധാരണാപത്രത്തിൽ ഇരു രാജ്യങ്ങളും മെയ് 20-ന് ഒപ്പ് വെച്ചതായി ഒമാനിലെ ഇന്ത്യൻ എംബസി അറിയിച്ചു.

ഇതോടെ സമുദ്രസുരക്ഷ ഉറപ്പ് വരുത്തുന്നതിനായി ഇരു രാജ്യങ്ങളുടെയും നാവിക സേനകൾ സഹകരിച്ച് പ്രവർത്തിക്കുന്നതാണ്. സൈനിക രംഗത്തും ഇന്ത്യയും, ഒമാനും സഹകരണം തുടരുന്നതാണ്. ഒമാൻ മിനിസ്ട്രി ഓഫ് ഡിഫൻസ് ഹെഡ്ക്വാർട്ടേഴ്സായ അൽ മിര്താഫാ ക്യാമ്പിൽ നടന്ന ചടങ്ങിലാണ് ധാരണാപത്രത്തിൽ ഇരു രാജ്യങ്ങളും ഒപ്പ് വെച്ചത്.

ഒമാൻ മിനിസ്ട്രി ഓഫ് ഡിഫെൻസ് സെക്രട്ടറി ജനറൽ ഡോ. മുഹമ്മദ് നാസ്സർ അൽ സാബി, ഒമാനിലെ ഇന്ത്യൻ അംബാസ്സഡർ H.E. മുനു മഹാവർ എന്നിവരാണ് സൈനിക രംഗത്തെ സഹകരണം തുടരുന്നതിനുള്ള ഉടമ്പടിയിൽ ഒപ്പ് വെച്ചത്. ഒമാൻ റോയൽ നേവി കമാണ്ടർ റിയർ അഡ്മിറൽ സൈഫ് നാസ്സർ അൽ രഹബി, ഒമാനിലെ ഇന്ത്യൻ അംബാസ്സഡർ H.E. മുനു മഹാവർ എന്നിവർ നാവിക മേഖലയിലെ സഹകരണം തുടരുന്നതിനുള്ള ഉടമ്പടിയിൽ ഒപ്പ് വെച്ചു. ഇരുരാജ്യങ്ങളുടെയും സംയുക്ത താത്പര്യങ്ങളെ സംരക്ഷിക്കുന്നതും, ഉഭയകക്ഷിബന്ധങ്ങളെ ശക്തിപ്പെടുത്തുന്നതുമാണ് ഈ നടപടി.

Photo: Indian Embassy in Oman.