ചെറുവാഹനങ്ങളുടെ പരിശോധനകൾക്കായി ഷാർജ പോലീസ് മൂന്ന് പുതിയ വാഹനപരിശോധനാ കേന്ദ്രങ്ങൾ ആരംഭിച്ചു

UAE

ചെറുവാഹനങ്ങൾ പരിശോധിക്കുന്നതിനായി ഷാർജ വെഹിക്കിൾസ് ആൻഡ് ഡ്രൈവേഴ്സ് ലൈസെൻസിങ്ങ് വിഭാഗത്തിന് കീഴിൽ മൂന്ന് പുതിയ വാഹനപരിശോധനാ കേന്ദ്രങ്ങൾ ആരംഭിച്ചതായി ഷാർജ പോലീസ് അറിയിച്ചു. അഡ്‌നോക്കുമായി ചേർന്ന് സംയുക്തമായാണ് ഈ വാഹനപരിശോധനാ കേന്ദ്രങ്ങൾ ആരംഭിച്ചിട്ടുള്ളത്.

അൽ താവൂൻ, ഇൻഡസ്ട്രിയൽ ഏരിയ 12, അൽ മൃക്വാബ് എന്നിവിടങ്ങളിലെ അഡ്‌നോക് പെട്രോൾ സ്റ്റേഷനുകളിലാണ് ഈ വാഹനപരിശോധനാ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത്. ഈ കേന്ദ്രങ്ങളിലെ ഓരോ വാഹന പരിശോധനാ സംവിധാനം ഉപയോഗിച്ച് കൊണ്ടും ദിനവും 100 വാഹനങ്ങൾ പരിശോധിക്കാമെന്ന് അധികൃതർ വ്യക്തമാക്കി.

വാഹന രെജിസ്ട്രേഷൻ നടപടികളുടെ ഭാഗമായുള്ള പരിശോധന, രെജിസ്ട്രേഷൻ പുതുക്കുന്നതുമായി ബന്ധപ്പെട്ടുള്ള പരിശോധന, രെജിസ്ട്രേഷൻ കൈമാറുന്നതുമായി ബന്ധപ്പെട്ട പരിശോധന മുതലായ സേവനങ്ങൾ ഈ വാഹനപരിശോധനാ കേന്ദ്രങ്ങൾ നിന്നും ലഭിക്കുന്നതാണ്. നിലവിൽ ഇത്തരം 14 വാഹനപരിശോധനാ കേന്ദ്രങ്ങളാണ് ഷാർജയിൽ പ്രവർത്തിക്കുന്നത്.

Photo: @ShjPolice