രാജ്യത്ത് ലൈസൻസ് കൂടാതെ അനധികൃതമായി ധനകാര്യ സേവനങ്ങൾ നൽകുന്ന സ്ഥാപനങ്ങളെയും, വ്യക്തികളെയും കുറിച്ച് റിപ്പോർട്ട് ചെയ്യാൻ സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ പൊതുജനങ്ങളോട് ആഹ്വാനം ചെയ്തു. 2023 ഒക്ടോബർ 5-നാണ് സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
ഇത്തരം അനധികൃത ധനകാര്യ സേവനദാതാക്കൾക്കെതിരെ ശക്തമായ നടപടികൾ ഉണ്ടാകുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. ഇത്തരം അനധികൃത സ്ഥാപനങ്ങളുടെയും, വ്യക്തികളുടെയും വിവരങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിന് മാത്രമായുള്ള ഒരു ഇമെയിൽ വിലാസം സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ പങ്ക് വെച്ചിട്ടുണ്ട്.
പൊതുജനങ്ങൾക്ക് report-unlicensed@cbo.gov.om എന്ന ഈ ഇമെയിൽ വിലാസത്തിലൂടെ അനധികൃതമായി പ്രവർത്തിക്കുന്ന ധനകാര്യ സ്ഥാപനങ്ങളെക്കുറിച്ച് റിപ്പോർട്ട് ചെയ്യാവുന്നതാണ്. ഇത്തരം വിവരങ്ങൾ പങ്ക് വെക്കുന്ന വ്യക്തികളുടെ സ്വകാര്യ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്നും സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ വ്യക്തമാക്കിയിട്ടുണ്ട്.