സൗദി: ഉംറ തീർത്ഥാടനത്തിന്റെ രണ്ടാം ഘട്ടം ഒക്ടോബർ 18-ന് ആരംഭിക്കുന്നു; രജിസ്‌ട്രേഷൻ ആരംഭിച്ചു

GCC News

ഉംറ തീർത്ഥാടനത്തിന്റെ രണ്ടാം ഘട്ടം ഒക്ടോബർ 18, ഞായറാഴ്ച്ച മുതൽ ആരംഭിക്കുമെന്ന് സൗദി ഹജ്ജ്, ഉംറ വകുപ്പ് അറിയിച്ചു. നിലവിലെ സാഹചര്യങ്ങളും, പ്രതിരോധ മുൻകരുതൽ നടപടികളും കണക്കിലെടുത്ത് നിശ്ചയിച്ചിട്ടുള്ള, ദിനംപ്രതി 20000 തീർത്ഥാടകർ എന്ന പരമാവധി ശേഷിയുടെ 75 ശതമാനത്തോളം തീർത്ഥാടകർക്ക് (15000 തീർത്ഥാടകർ) ഒക്ടോബർ 18 മുതൽ പ്രതിദിനം ഉംറ അനുഷ്ഠിക്കുന്നതിന് അനുവാദം നൽകുന്നതാണ്.

ഇതോടൊപ്പം മക്കയിലെ ഗ്രാൻഡ് മോസ്‌കിലേക്ക് പ്രാർത്ഥനകൾക്കായി 40000 പേർക്ക് പ്രതിദിനം പ്രവേശനാനുവാദം നൽകുന്നതിനും അധികൃതർ തീരുമാനിച്ചിട്ടുണ്ട്.

ഒക്ടോബർ 4 മുതൽ, രാജ്യത്തിനകത്തുള്ള സൗദി പൗരന്മാരെയും, പ്രവാസികളെയും ഉൾപ്പെടുത്തി ആരംഭിച്ച തീർത്ഥാടനത്തിന്റെ ആദ്യ ഘട്ടത്തിൽ ദിനംപ്രതി 6000 പേർക്കാണ് ചടങ്ങുകളിൽ പങ്കെടുക്കാൻ അനുവാദം നൽകിയിരുന്നത്. കൊറോണ വൈറസ് വ്യാപനത്തെത്തുടർന്ന് മാർച്ച് മാസത്തിൽ ഉംറ തീർത്ഥാടനം സൗദി അറേബ്യ താത്കാലികമായി നിർത്തിവെക്കുകയായിരുന്നു.

സാമൂഹിക അകലം ഉൾപ്പടെയുള്ള കർശനമായ ആരോഗ്യ സുരക്ഷാ നിയന്ത്രണങ്ങളോടെയാണ് രണ്ടാം ഘട്ട തീർത്ഥാടനവും നടപ്പിലാക്കുന്നത്. രണ്ടാം ഘട്ടത്തിലും നിലവിൽ രാജ്യത്തിനകത്തുള്ള സൗദി പൗരന്മാരെയും, പ്രവാസികളെയുമാണ് തീർത്ഥാടനത്തിൽ ഉൾപ്പെടുത്തുന്നത്. രണ്ടാം ഘട്ട തീർത്ഥാടനത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്കുള്ള രജിസ്‌ട്രേഷൻ നടപടികൾ ഹജ്ജ്, ഉംറ വകുപ്പ് ആരംഭിച്ചിട്ടുണ്ട്.

നവംബർ 1 മുതൽ ആരംഭിക്കുന്ന തീർത്ഥാടനത്തിന്റെ മൂന്നാം ഘട്ടത്തിൽ, രോഗസാധ്യത കുറഞ്ഞ രാജ്യങ്ങളിൽ നിന്നെത്തുന്ന വിദേശ തീർത്ഥാടകരെ കൂടി ഉൾപ്പെടുത്തി 100 ശതമാനം പ്രതിദിന ശേഷിയിലേക്ക് (പരമാവധി 20000 തീർത്ഥാടകർ) തീർത്ഥാടന സേവനങ്ങൾ ഉയർത്തുമെന്നാണ് ഹജ്ജ്, ഉംറ വകുപ്പ് നേരത്തെ അറിയിച്ചിരുന്നത്. വിവിധ രാജ്യങ്ങളിലെ സാഹചര്യങ്ങൾ വിലയിരുത്തിയ ശേഷമായിരിക്കും ഇതിൽ അന്തിമ തീരുമാനം ഉണ്ടാകുക എന്നാണ് ലഭിക്കുന്ന സൂചന.

ഉംറ തീർത്ഥാടനത്തിനുള്ള ‘Eatmarna’ സ്മാർട്ട് ആപ്പിൽ തീർത്ഥാടന പെർമിറ്റിനൊപ്പം, ഗ്രാൻഡ് മോസ്‌ക്കിൽ പ്രാർത്ഥനകൾ നിർവഹിക്കുന്നതിനുള്ള പെർമിറ്റുകളും, പ്രവാചകന്റെ പള്ളിയിൽ പ്രാർത്ഥനകൾ നിർവഹിക്കുന്നതിനുള്ള പെർമിറ്റുകളും ഇപ്പോൾ അധികമായി ഉൾപ്പെടുത്തിയതായി സൗദി ഹജ്ജ്, ഉംറ വകുപ്പ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.