നിക്ഷേപ സഹകരണം ഉറപ്പാക്കുന്നതിനുള്ള വിവിധ ധാരണാപത്രങ്ങളിൽ ഇന്ത്യയും, യു എ ഇയും ഒപ്പ് വെച്ചു

featured GCC News

വിവിധ മേഖലകളിൽ നിക്ഷേപ സഹകരണം ഉറപ്പാക്കുന്നതിനുള്ള മൂന്ന് ധാരണാപത്രങ്ങളിൽ ഇന്ത്യയും, യു എ ഇയും ഒപ്പ് വെച്ചു. 2024 ജനുവരി 9-ന് എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

പുനരുപയോഗ ഊർജ്ജം, ഭക്ഷ്യസംസ്‌കരണം, ആരോഗ്യ പരിചരണം എന്നീ മേഖലകളിലാണ് ഈ ധാരണാപത്രങ്ങളിലൂടെ ഇരുരാജ്യങ്ങളും നിക്ഷേപ സഹകരണം ഉറപ്പാക്കുന്നത്. ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായി ഇന്ത്യയിലെത്തിയ യു എ ഇ പ്രസിഡണ്ട് H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി എന്നവരുടെ സാന്നിധ്യത്തിലാണ് ഇരുരാജ്യങ്ങളിലെയും വിവിധ വകുപ്പ് മന്ത്രിമാർ ഈ ധാരണാപത്രങ്ങളിൽ ഒപ്പ് വെച്ചത്.

ഗുജറാത്തിലെ അഹമ്മദാബാദിൽ വെച്ചായിരുന്നു ഈ ചടങ്ങ്. നടപ്പ് സാമ്പത്തിക വർഷത്തിൽ 7.3 വളർച്ച രേഖപ്പെടുത്തുമെന്ന് കരുതുന്ന ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയ്ക്ക് പിന്തുണ നൽകുന്നതിനുള്ള യു എ ഇ നയത്തിന്റെ ഭാഗമായാണ് ഈ കരാറുകൾ.

യു എ ഇ ഇൻവെസ്റ്റ്മെന്റ് മിനിസ്ട്രിയുമായി താഴെ പറയുന്ന കരാറുകളാണ് ഇന്ത്യ ഒപ്പ് വെച്ചത്:

  • പുനരുപയോഗ ഊർജ്ജമേഖലയിൽ നിക്ഷേപ സഹകരണം ഉറപ്പ് വരുത്തുന്നതിനായി ഇന്ത്യൻ മിനിസ്ട്രി ഓഫ് ന്യൂ ആൻഡ് റിന്യൂവബിൾ എനർജി ധാരണാപത്രത്തിൽ ഒപ്പ് വെച്ചു.
  • ഫുഡ് പാർക്ക് വികസനം നടപ്പിലാക്കുന്നതിന്റെ ഭാഗമായുള്ള നിക്ഷേപ സഹകരണം ഉറപ്പ് വരുത്തുന്നതിനായി ഇന്ത്യൻ മിനിസ്ട്രി ഓഫ് ഫുഡ് പ്രോസസിംഗ് ഇൻഡസ്ട്രീസ് ധാരണാപത്രത്തിൽ ഒപ്പ് വെച്ചു.
  • അതിനൂതന ആരോഗ്യ പരിചരണ പദ്ധതികളിൽ നിക്ഷേപ സഹകരണം ഉറപ്പ് വരുത്തുന്നതിനായി ഇന്ത്യൻ മിനിസ്ട്രി ഓഫ് ഹെൽത്ത് ആൻഡ് ഫാമിലി വെൽഫെയർ ധാരണാപത്രത്തിൽ ഒപ്പ് വെച്ചു.

ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായി യു എ ഇ പ്രസിഡണ്ട് H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ 2024 ജനുവരി 9-ന് ഇന്ത്യയിലെത്തിയിരുന്നു.

അഹമ്മദാബാദ് വിമാനത്താവളത്തിലെത്തിയ അദ്ദേഹത്തെയും, പ്രതിനിധി സംഘത്തെയും ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി സ്വീകരിച്ചിരുന്നു. തുടർന്ന് യു എ ഇ പ്രസിഡണ്ടും, ഇന്ത്യൻ പ്രധാനമന്ത്രിയും കൂടിക്കാഴ്ച്ച നടത്തിയിരുന്നു.