ഷെയ്ഖ് സായിദ് റോഡിൽ വെച്ച് നടത്തുന്ന ദുബായ് റണിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്കുള്ള രജിസ്ട്രേഷൻ ആരംഭിച്ചതായി ഡിപ്പാർട്മെന്റ് ഓഫ് ഇക്കോണമി ആൻഡ് ടൂറിസം അറിയിച്ചു. 2023 ഒക്ടോബർ 17-ന് ദുബായ് മീഡിയ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.
ഇത്തവണത്തെ ദുബായ് റൺ 2023 നവംബർ 26, ഞായറാഴ്ചയായിരിക്കുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. ദുബായ് റണ്ണിങ്ങ് ചലഞ്ചിന്റെ അഞ്ചാമത് പതിപ്പാണ് ഈ വർഷം സംഘടിപ്പിക്കുന്നത്.
ദുബായ് ഫിറ്റ്നസ് ചലഞ്ചിന്റെ ഭാഗമായാണ് ദുബായ് റൺ എന്ന ഈ ഓട്ടമത്സരം നടത്തുന്നത്. പങ്കെടുക്കുന്നവരുടെ ബാഹുല്യം കൊണ്ട് ലോകത്തെ തന്നെ ഏറ്റവും വലിയ ഇത്തരത്തിലുള്ള പരിപാടിയാണ് ദുബായ് റൺ.
ദുബായ് റണിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന പൗരന്മാർക്കും, പ്രവാസികൾക്കും, സന്ദർശകർക്കും https://www.dubairun.com/register/ എന്ന വിലാസത്തിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്. ദുബായ് റൺ 2023-ന്റെ ഭാഗമായി നഗരത്തിലെ സൂപ്പർഹൈവേയായ ഷെയ്ഖ് സായിദ് റോഡ് ഒരു ഭീമൻ റണ്ണിംഗ് ട്രാക്കായി രൂപാന്തരപ്പെടുന്നതാണ്.
എല്ലാ പ്രായത്തിലും വിഭാഗങ്ങളിലുമുള്ളവർക്കും പങ്കെടുക്കാനാകുന്ന രീതിയിൽ 5 കിലോമീറ്ററും 10 കിലോമീറ്ററും ദൈർഘ്യമുള്ള രണ്ട് റൂട്ടുകളാണ് ദുബായ് റൺ 2022-ൽ ഒരുക്കുന്നത്. കുടുംബങ്ങൾ, കാൽനടത്തക്കാർ തുടങ്ങിയവർക്കായി 5 കിലോമീറ്റർ നീളുന്ന ഒരു റൂട്ട്, കൂടുതൽ തഴക്കമുള്ള ഓട്ടക്കാർക്കായി 10 കിലോമീറ്റർ നീളമുള്ള മറ്റൊരു റൂട്ട് എന്നിവയാണ് ദുബായ് റണ്ണിൽ ഉൾപ്പെടുത്തുന്നത്.
ഏതാണ്ട് രണ്ട് ലക്ഷത്തോളം പേർ ഈ വർഷത്തെ ദുബായ് റണ്ണിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
2022 നവംബർ 20-ന് നടന്ന നാലാമത് ദുബായ് റണ്ണിൽ രണ്ട് ലക്ഷത്തോളം പേർ പങ്കെടുത്തിരുന്നു.
Cover Image: WAM. [File Photo from Dubai Run 2022.]