രാജ്യത്ത് രജിസ്റ്റർ ചെയ്തിട്ടുള്ള മരുന്നുകളുടെ വിവരങ്ങൾ അറിയുന്നതിനുള്ള വാട്സ്ആപ് സേവനം ആരംഭിച്ചതായി യു എ ഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ദുബായിൽ നടന്ന് കൊണ്ടിരിക്കുന്ന നാല്പത്തിമൂന്നാമത് ജിടെക്സ് ഗ്ലോബൽ പ്രദർശനത്തിലാണ് മന്ത്രാലയം വാട്സ്ആപിലൂടെ പ്രവർത്തിക്കുന്ന ഈ മെഡിക്കൽ പ്രോഡക്ട്സ് ഡയറക്ടറി സേവനം അവതരിപ്പിച്ചത്.
യു എ ഇ നിവാസികൾക്ക് ഇരുപത്തിനാല് മണിക്കൂറും പ്രവർത്തിക്കുന്ന ഈ ഡയറക്ടറി സേവനം ഉപയോഗിച്ച് കൊണ്ട് രാജ്യത്ത് അനുവദിച്ചിട്ടുള്ള മരുന്നുകളുടെ വിവരങ്ങൾ, അവയുടെ വില മുതലായവ അറിയാവുന്നതാണ്. ഉപഭോക്താക്കൾക്ക് മികച്ച സേവനങ്ങൾ നൽകുന്നതിന്റെ ഭാഗമായാണ് ഈ 24/7 മെഡിക്കൽ പ്രോഡക്ട്സ് ഡയറക്ടറി വാട്സ്ആപിലൂടെ ലഭ്യമാക്കുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി.
യു എ ഇയിൽ ഉപയോഗിക്കാൻ അനുമതിയുള്ള മരുന്നുകളുടെ കൃത്യമായ വിവരങ്ങൾ, ചികിത്സാ രീതികൾ എന്നിവയിൽ പൊതുജനങ്ങൾക്ക് അവബോധം നൽകുന്നതിനും, മരുന്നുകളുടെ ഉപയോഗത്തിൽ വരുന്ന പിഴവുകൾ പരമാവധി ഒഴിവാക്കുന്നതിനും ഈ സേവനത്തിലൂടെ മന്ത്രാലയം ലക്ഷ്യമിടുന്നു.
വാട്സ്ആപിലൂടെ 0097142301221 എന്ന നമ്പറിലേക്ക് “Hi” എന്ന സന്ദേശം അയച്ച് കൊണ്ട് വ്യക്തികൾക്ക് ഈ സേവനം പ്രയോജനപ്പെടുത്താവുന്നതാണ്. ഓരോ മരുന്നുകളുടെയും ശരിയായ പേര്, അവയിലെ ചേരുവകൾ, ഔഷധനിര്‍മ്മാണ സംബന്ധിയായ വിവരങ്ങൾ, പാക്കേജിങ്ങ് സംബന്ധിയായ വിവരങ്ങൾ, വില തുടങ്ങിയവ ഈ സേവനത്തിലൂടെ ലഭിക്കുന്നതാണ്.
Cover Image: WAM.