2028-ലെ യു എൻ കാലാവസ്ഥ ഉച്ചകോടിക്ക് വേദിയാകാൻ ഇന്ത്യ തയ്യാറാണെന്ന് നരേന്ദ്ര മോദി

GCC News

2028-ലെ COP33 (യു എൻ ക്ലൈമറ്റ് ചേഞ്ച് കോൺഫെറൻസ്) കാലാവസ്ഥാ ഉച്ചകോടിക്ക് വേദിയാകാൻ ഇന്ത്യ തയ്യാറാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. ദുബായിൽ വെച്ച് നടക്കുന്ന COP28 കാലാവസ്ഥാ ഉച്ചകോടിയിൽ നടത്തിയ ഔദ്യോഗിക പ്രഭാഷണത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

കാലാവസ്ഥാ വ്യതിയാനം തടയുന്നതിനായി ഐക്യരാഷ്ട്ര സഭ മുന്നോട്ട് വെച്ചിട്ടുള്ള ചട്ടക്കൂടുകൾക്കനുസൃതമായി പ്രവർത്തിക്കുന്നതിൽ ഇന്ത്യ പുലർത്തുന്ന അചഞ്ചലമായ പ്രതിജ്ഞാബദ്ധതയുടെ പ്രതീകമാണ് 2028-ലെ യു എൻ കാലാവസ്ഥ ഉച്ചകോടിക്ക് വേദിയാകാനുള്ള ഇന്ത്യയുടെ തീരുമാനം.

“കാലാവസ്ഥാ വ്യതിയാനം തടയുന്നതിനായി ഐക്യരാഷ്ട്ര സഭ മുന്നോട്ട് വെച്ചിട്ടുള്ള പദ്ധതികളോട് എന്നും ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്. ഇതിനാലാണ്, 2028-ലെ COP33 കാലാവസ്ഥാ ഉച്ചകോടി ഇന്ത്യയിൽ വെച്ച് നടത്താമെന്ന് ഈ വേദിയിൽ വെച്ച് ഞാൻ നിര്‍ദ്ദേശിക്കുന്നത്.”, COP28 കാലാവസ്ഥാ ഉച്ചകോടിയുടെ ഉദ്ഘാടന ചടങ്ങിന്റെ വേദിയിൽ നിന്ന് അദ്ദേഹം നടത്തിയ പ്രഭാഷണത്തിൽ ശ്രീ. നരേന്ദ്ര മോദി വ്യക്തമാക്കി.

2030-ഓടെ ബഹിർഗമന തോത് 45 ശതമാനത്തിലേക്ക് കുറയ്ക്കുന്നതിന് ഇന്ത്യ ലക്ഷ്യമിടുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ കാലയളവിനുള്ളിൽ നോൺ-ഫോസിൽ ഇന്ധന ഉപയോഗം അമ്പത് ശതമാനം വർധിപ്പിക്കുമെന്നും, 2070-ഓടെ നെറ്റ്-സീറോ എമിഷൻ നിരക്ക് കൈവരിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ദുബായിലെ എക്സ്പോ സിറ്റിയിൽ വെച്ച് നടക്കുന്ന ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥ ഉച്ചകോടി 2023 നവംബർ 30-ന് ആരംഭിച്ചിരുന്നു. 2023 നവംബർ 30 മുതൽ ഡിസംബർ 12 വരെയാണ് ഈ സമ്മേളനം.

ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി 2023 നവംബർ 30-ന് യു എ ഇയിലെത്തിയിരുന്നു.