രാജ്യത്ത് ട്രാഫിക് നിയമലംഘനങ്ങളുമായി ബന്ധപ്പെട്ടതെന്ന പേരിൽ തട്ടിപ്പ് ലക്ഷ്യമിട്ട് കൊണ്ട് വരുന്ന വ്യാജ സന്ദേശങ്ങളെക്കുറിച്ച് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. 2023 ഡിസംബർ 1-ന് രാത്രിയാണ് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം ഈ മുന്നറിയിപ്പ് നൽകിയത്.
വ്യാജ സന്ദേശങ്ങൾ, സംശയകരമായ വെബ്സൈറ്റുകൾ എന്നിവയെക്കുറിച്ച് ജാഗ്രത പുലർത്താനും, ഇത്തരം സന്ദേശങ്ങളോട് പ്രതികരിക്കരുതെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. വ്യക്തികളിൽ നിന്ന് പണം അപഹരിക്കുന്നത് ലക്ഷ്യമിട്ട് കൊണ്ട് ഇല്ലാത്ത ട്രാഫിക് നിയമലംഘനങ്ങളുടെ പേരിൽ പിഴകൾ ചുമത്തിക്കൊണ്ടുള്ള വ്യാജ സന്ദേശങ്ങൾ അയക്കുന്ന സംഘങ്ങളെക്കുറിച്ച് ജാഗ്രത പുലർത്തണമെന്നും ഇവരുടെ തട്ടിപ്പിന് ഇരയാകരുതെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
ട്രാഫിക് നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട പിഴുതുകകൾ സംബന്ധിച്ച അറിയിപ്പുകൾ കുവൈറ്റിൽ സഹൽ ഇലക്ട്രോണിക് സംവിധാനത്തിലൂടെ മാത്രമാണ് ആഭ്യന്തര മന്ത്രലായം വ്യക്തികളിലേക്ക് അയക്കുന്നതെന്ന് അധികൃതർ ചൂണ്ടിക്കാട്ടി.