ഈ വർഷത്തെ അൽ ദഫ്റ ബുക്ക് ഫെസ്റ്റിവലിന് 2023 ഡിസംബർ 4, തിങ്കളാഴ്ച്ച തുടക്കമായി. അബുദാബി അറബിക് ലാംഗ്വേജ് സെന്ററാണ് ഈ പുസ്തകമേള സംഘടിപ്പിക്കുന്നത്.
മദിനത് സായിദിലെ പൊതു പാർക്കിൽ സംഘടിപ്പിക്കുന്ന അൽ ദഫ്റ ബുക്ക് ഫെസ്റ്റിവൽ 2023 ഡിസംബർ 4 മുതൽ ഡിസംബർ 10 വരെ നീണ്ട് നിൽക്കും. വിവിധ സാംസ്കാരിക പരിപാടികൾ, കലാപരിപാടികൾ എന്നിവയുടെ അകമ്പടിയോടെയാണ് അൽ ദഫ്റ ബുക്ക് ഫെസ്റ്റിവൽ ആരംഭിച്ചത്.
‘അൽ ദഫ്റ: സാംസ്കാരിക പൈതൃകത്തിന്റെ ആഘോഷം’ എന്ന പ്രമേയത്തിലൂന്നിയാണ് അബുദാബി അറബിക് ലാംഗ്വേജ് സെന്റർ ഈ വർഷത്തെ അൽ ദഫ്റ ബുക്ക് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്. അബുദാബി ഡിപ്പാർട്മെന്റ് ഓഫ് കൾച്ചർ ആൻഡ് ടൂറിസത്തിന് കീഴിലാണ് അറബിക് ലാംഗ്വേജ് സെന്റർ പ്രവർത്തിക്കുന്നത്.
ദിനവും വൈകീട്ട് 4 മണിമുതൽ രാത്രി 10 മണിവരെയാണ് പുസ്തകമേളയിലേക്ക് പ്രവേശനം അനുവദിക്കുന്നത്. ഇത്തവണത്തെ മേളയിൽ അമ്പതോളം പ്രാദേശിക പ്രസാധകരും, വിതരണക്കാരും പങ്കെടുക്കുന്നതാണ്.
അൽ ദഫ്റ ബുക്ക് ഫെസ്റ്റിവൽ 2023-ന്റെ ഭാഗമായി എമിറാത്തി സംസ്കാരം, സാഹിത്യം, കല എന്നിവ എടുത്ത് കാട്ടുന്ന നിരവധി പരിപാടികൾ അരങ്ങേറുമെന്ന് അബുദാബി അറബിക് ലാംഗ്വേജ് സെന്റർ ചെയർമാൻ ഡോ. അലി ബിൻ തമിം അറിയിച്ചിട്ടുണ്ട്.