രാജ്യത്തെ സ്വകാര്യ ട്യൂഷൻ മേഖലയെ നിയന്ത്രിക്കുന്നതിനായി ഈ മേഖലയിൽ സേവനങ്ങൾ നൽകുന്നവർക്ക് പ്രത്യേക പെർമിറ്റ് ഏർപ്പെടുത്താൻ യു എ ഇ അധികൃതർ തീരുമാനിച്ചു. യു എ ഇ മിനിസ്ട്രി ഓഫ് എഡ്യൂക്കേഷൻ, യു എ ഇ മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് എമിറാറ്റൈസേഷൻ (MOHRE) എന്നിവർ സംയുക്തമായാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
MOHRE-യുടെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെയാണ് ഇക്കാര്യം പങ്ക് വെച്ചത്. https://publicservices.mohre.gov.ae/Content/TemplateFiles/PrivateTeacherWorkPermitServiceCard_and_Faq_Updated.pdf എന്ന വിലാസത്തിൽ നൽകിയിട്ടുള്ള പി ഡി എഫ് രൂപത്തിലുള്ള രേഖയിൽ ഇത് സംബന്ധിച്ച വ്യവസ്ഥകൾ വ്യക്തമാക്കിയിട്ടുണ്ട്.
താഴെ പറയുന്ന വിഭാഗങ്ങളിൽ പെടുന്നവർക്ക് ഇത്തരം പെർമിറ്റിനായി അപേക്ഷിക്കാവുന്നതാണ്:
- സർക്കാർ, സ്വകാര്യ മേഖലകളിലെ രജിസ്റ്റർ ചെയ്തിട്ടുള്ള അധ്യാപകർ.
- സർക്കാർ, സ്വകാര്യ മേഖലകളിൽ തൊഴിലെടുക്കുന്നവർ.
- തൊഴിൽരഹിതരായ വ്യക്തികൾ.
- 15 മുതൽ 18 വയസ്സ് വരെ പ്രായമുള്ള സ്‌കൂൾ വിദ്യാർത്ഥികൾ.
- യൂണിവേഴ്സിറ്റി വിദ്യാർത്ഥികൾ.
മേൽപ്പറഞ്ഞ വിഭാഗങ്ങളിൽ പെടുന്നവർക്ക് സ്വകാര്യ ട്യൂഷൻ ക്ലാസുകൾ (ഒന്നോ, അതിലധികമോ വിദ്യാർത്ഥികൾക്ക്) എടുക്കുന്നതിനായുള്ള പെർമിറ്റ് ലഭിക്കുന്നതിന് സൗജന്യമായി അപേക്ഷിക്കാവുന്നതാണ്. ഈ മേഖലയിലെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിനും, തെറ്റായ പ്രവർത്തനങ്ങൾ ഒഴിവാക്കുന്നതിനുമായാണ് ഈ തീരുമാനം.
https://publicservices.mohre.gov.ae/UserNotifications/MohrePrivateTeacherWorkPermit എന്ന വിലാസത്തിൽ നിന്ന് ഇത്തരം ‘പ്രൈവറ്റ് ടീച്ചർ വർക്ക് പെർമിറ്റ്’ ലഭിക്കുന്നതിനായി അപേക്ഷിക്കാവുന്നതാണ്. ഈ വിലാസത്തിൽ എമിറേറ്റ്സ് ഐഡി, പേര്, ജനനത്തീയതി, ഫോൺ നമ്പർ തുടങ്ങിയ വിവരങ്ങൾ എന്നിവ നൽകിയ ശേഷം ഇത്തരം അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്.
ഇത്തരം അപേക്ഷകളിൽ അഞ്ച് പ്രവർത്തിദിനങ്ങൾക്കകം പെർമിറ്റ് അനുവദിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതാണ്. രണ്ട് വർഷത്തെ സാധുതയോടെയാണ് ഇത്തരം പെർമിറ്റുകൾ അനുവദിക്കുന്നത്.
ഈ കാലാവധിയ്ക്ക് ശേഷം ഇവ പുതുക്കേണ്ടതാണ്. അപേക്ഷകൾ നിരസിക്കപ്പെടുന്ന വ്യക്തികൾക്ക് ആറ് മാസത്തിന് ശേഷം പെർമിറ്റിനായി വീണ്ടും അപേക്ഷിക്കാവുന്നതാണ്.
Cover Image: Pixabay.