രാജ്യത്തെ ആഭ്യന്തര ടൂറിസം മേഖലയെ പ്രോത്സാഹിപ്പിക്കുന്നത് ലക്ഷ്യമിട്ട് കൊണ്ട് യു എ ഇ നടപ്പിലാക്കുന്ന ‘വേൾഡ്സ് കൂളസ്റ്റ് വിന്റർ’ പ്രചാരണപരിപാടിയുടെ നാലാമത് പതിപ്പിന് തുടക്കമായി. എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
യു എ ഇ വൈസ് പ്രെസിഡന്റും, പ്രധാനമന്ത്രിയും, ദുബായ് ഭരണാധികാരിയുമായ H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് ഈ പ്രചാരണപരിപാടിയുടെ നാലാമത് സീസണ് തുടക്കമിട്ടത്. യു എ ഇയിലെ ആഭ്യന്തര ടൂറിസം മേഖലയെ പരിപോഷിപ്പിക്കുന്നത് ലക്ഷ്യമിട്ടാണ് ഈ പ്രചാരണപരിപാടി നടത്തുന്നത്.
“വർഷം തോറും നടത്തിവരുന്ന വിനോദസഞ്ചാര പ്രചാരണപരിപാടിയായ ‘വേൾഡ്സ് കൂളസ്റ്റ് വിന്റർ’ പ്രചാരണപരിപാടിയുടെ നാലാമത് പതിപ്പിന് യു എ ഇ ഇന്ന് തുടക്കമിടുന്നു. മനോഹരമായ കാലാവസ്ഥ, പ്രകൃതി സൗന്ദര്യം, ചരിത്ര, പുരാവസ്തു ശേഖരം, സാംസ്കാരിക കേന്ദ്രങ്ങൾ, ആതിഥ്യമര്യാദയുള്ള ജനങ്ങൾ എന്നീ ഘടകങ്ങൾ യു എ ഇയിലെ വിനോദസഞ്ചാര മേഖലയുടെ ഇപ്പോൾ ദൃശ്യമാകുന്ന കുതിപ്പിന് കാരണമാണ്.”, പ്രചാരണപരിപാടിയ്ക്ക് തുടക്കമിട്ട് കൊണ്ട് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം വ്യക്തമാക്കി.
“ദേശീയ വിനോദസഞ്ചാര മേഖലയിൽ വാർഷികാടിസ്ഥാനത്തിൽ വളർച്ച ദൃശ്യമാണ്. 2031-ഓടെ യു എ ഇയുടെ ആഭ്യന്തര ഉത്പാദന വളർച്ചയിൽ ടൂറിസം മേഖല നൽകുന്ന സംഭാവന 450 ബില്യൺ ദിർഹം എന്നതിലേക്ക് എത്തിക്കുന്നതിനാണ് നമ്മൾ ലക്ഷ്യമിടുന്നത്.”, അദ്ദേഹം കൂട്ടിച്ചേർത്തു.
‘മറക്കാനാകാത്ത ചരിതങ്ങൾ’ എന്ന ആശയത്തിലൂന്നിയാണ് ‘വേൾഡ്സ് കൂളസ്റ്റ് വിന്റർ’ പ്രചാരണപരിപാടിയുടെ നാലാമത് പതിപ്പ് ഒരുക്കിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി യു എ ഇയിലെ ആഭ്യന്തര ടൂറിസം മേഖലയെ പിന്തുണയ്ക്കുന്നതിനുള്ള നിരവധി പരിപാടികൾ അരങ്ങേറുന്നതാണ്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സഞ്ചാരികളെ യു എ ഇയിൽ ശിശിരകാലം ചെലവഴിക്കുന്നതിനും, യു എ ഇയിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്ന രീതിയിലാണ് ഈ പ്രചാരണപരിപാടി വിഭാവനം ചെയ്തിരിക്കുന്നത്. കഴിഞ്ഞ വർഷം നടന്ന ഈ പ്രചാരണപരിപാടിയുടെ മൂന്നാമത് പതിപ്പിന്റെ ഭാഗമായി 1.4 മില്യൺ വിനോദസഞ്ചാരികളാണ് രാജ്യത്തെത്തിയത്.
WAM.