യു എ ഇ: ‘വേൾഡ്സ് കൂളസ്റ്റ് വിന്റർ’ പ്രചാരണപരിപാടിയുമായി ബന്ധപ്പെട്ട് പുതിയ വെബ്സൈറ്റ് ആരംഭിച്ചു

featured GCC News

രാജ്യത്തെ ആഭ്യന്തര ടൂറിസം മേഖലയെ പ്രോത്സാഹിപ്പിക്കുന്നത് ലക്ഷ്യമിട്ട് കൊണ്ട് യു എ ഇ നടപ്പിലാക്കുന്ന ‘വേൾഡ്സ് കൂളസ്റ്റ് വിന്റർ’ പ്രചാരണപരിപാടിയുടെ പുതിയ വെബ്സൈറ്റ് പുറത്തിറക്കി. എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

യു എ ഇ മിനിസ്ട്രി ഓഫ് ഇക്കോണമി, ടൂറിസം, കൾച്ചർ, ഹെറിറ്റേജ് മേഖലകളിലെ വിവിധ സ്ഥാപനങ്ങൾ എന്നിവയുമായി സഹകരിച്ച് കൊണ്ട് യു എ ഇ ഗവണ്മെന്റ് മീഡിയ ഓഫീസാണ് ഈ പ്രചാരണപരിപാടി നടപ്പിലാക്കുന്നത്. സന്ദർശകർക്ക് യു എ ഇയിലെ ഓരോ എമിറേറ്റുകളിലെയും പ്രധാനപ്പെട്ട ടൂറിസം കേന്ദ്രങ്ങളുടെ വിവരങ്ങൾ ലഭ്യമാക്കുന്ന രീതിയിലാണ് ഈ വെബ്സൈറ്റ് ഒരുക്കിയിരിക്കുന്നത്.

https://worldscoolestwinter.ae/ar എന്ന വിലാസത്തിൽ ഈ വെബ്സൈറ്റ് ലഭ്യമാണ്. സന്ദർശകർക്ക് ഇംഗ്ലീഷ്, അറബിക് എന്നീ ഭാഷകളിൽ ഈ വെബ്സൈറ്റിലെ വിവരങ്ങൾ ലഭ്യമാണ്.

Screen shot of worldscoolestwinter.ae website.

ഫുജൈറയിലെ ഫ്രൈഡേ മാർക്കറ്റ്, അൽ ബഹർ സൂഖ്, ഗോൾഡ് സൂഖ് മുതലായ പ്രശസ്തമായ പരമ്പരാഗത മാർക്കറ്റുകളെക്കുറിച്ചുള്ള വിവരങ്ങൾ ഈ വെബ്‌സൈറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിന് പുറമെ, യു എ ഇയിലെ പ്രശസ്തമായ സൈക്കിൾ പാതകൾ, വിവിധ ദ്വീപുകൾ, ഹൈക്കിങ്ങ് പാതകൾ, ക്യാമ്പിംഗ് ഇടങ്ങൾ, കുട്ടികൾക്ക് മികച്ച ആസ്വാദനം ഉറപ്പ് വരുത്തുന്ന ഇടങ്ങൾ മുതലായ വിവരങ്ങളും ഈ വെബ്‌സൈറ്റിൽ നിന്ന് ലഭിക്കുന്നതാണ്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് യു എ ഇയിലേക്ക് കൂടുതൽ വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിനും, അതിലൂടെ ആഭ്യന്തര ടൂറിസം മേഖലയെ ശക്തിപ്പെടുത്തുന്നതിനുമുള്ള നടപടികളുടെ ഭാഗമായാണ് ഈ വെബ്സൈറ്റ് പുറത്തിറക്കിയിരിക്കുന്നത്.

‘വേൾഡ്സ് കൂളസ്റ്റ് വിന്റർ’ എന്ന ഈ പ്രചാരണപരിപാടികളുടെ മൂന്നാം ഘട്ടം ആരംഭിക്കുന്നതായി 2022 ഡിസംബർ 4-ന് ചേർന്ന യു എ ഇ ക്യാബിനറ്റ് യോഗത്തിൽ പ്രഖ്യാപിച്ചിരുന്നു.

എമിറാത്തി മൂല്യങ്ങൾ എടുത്ത് കാട്ടുന്നതിനായി ‘നമ്മുടെ പൈതൃകം’ എന്ന ആശയത്തിലൂന്നിയാണ് ‘വേൾഡ്സ് കൂളസ്റ്റ് വിന്റർ’ പ്രചാരണപരിപാടികളുടെ മൂന്നാം പതിപ്പ് ഒരുക്കിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി ഓരോ എമിറേറ്റിലെയും എമിറാത്തി മൂല്യങ്ങൾ, എമിറാത്തി സംസ്കാരം എന്നിവ സന്ദർശകർക്ക് മുന്നിൽ എടുത്ത് കാട്ടുന്നതിനും, ഓരോ എമിറേറ്റിലെയും ആതിഥ്യമര്യാദ, സഹിഷ്‌ണുത, ഐകമത്യം മുതലായ മൂല്യങ്ങൾ സന്ദർശകർക്ക് അനുഭവവേദ്യമാക്കുന്നതിനും അധികൃതർ ലക്ഷ്യമിടുന്നു.

 WAM