ഏഷ്യൻ കപ്പ് ഖത്തർ 2023 ടൂർണമെന്റ് ഇന്ന് ആരംഭിക്കും; ഉദ്ഘാടന മത്സരത്തിൽ ഖത്തറും ലെബനനും ഏറ്റുമുട്ടും

GCC News

AFC ഏഷ്യൻ കപ്പ് ഖത്തർ 2023 ടൂർണമെന്റിന് ഇന്ന് (2024 ജനുവരി 12, വെള്ളിയാഴ്ച്ച) തുടക്കമാകും. ലുസൈൽ സ്റ്റേഡിയത്തിൽ വെച്ച് നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ ഖത്തറും ലെബനനും ഏറ്റുമുട്ടും.

ഏഷ്യൻ കപ്പ് ഖത്തർ 2023 ടൂർണമെന്റിന്റെ ഉദ്ഘാടന മത്സരത്തിനുള്ള മുഴുവൻ ടിക്കറ്റുകളും വിറ്റ് തീർന്നതായി ടൂർണമെന്റ്റ് സംഘാടക കമ്മിറ്റി അറിയിച്ചിരുന്നു. ഈ ടൂർണമെന്റിലെ മത്സരങ്ങൾക്കുള്ള ഒമ്പത് ലക്ഷത്തോളം ടിക്കറ്റുകൾ വിറ്റ് പോയതായും കമ്മിറ്റി വ്യക്തമാക്കി.

അതേ സമയം, ഉദ്ഘാടന മത്സരത്തിൽ ലെബനനെ നേരിടുന്നതിനുള്ള എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയാക്കിയതായി ഖത്തർ ദേശീയ ഫുട്ബാൾ ടീം അറിയിച്ചു. ഖത്തറും ലെബനനും ഗ്രൂപ്പ് എയിലാണ് മത്സരിക്കുന്നത്. ചൈന, താജികിസ്ഥാൻ എന്നിവരാണ് ഈ ഗ്രൂപ്പിലെ മറ്റു ടീമുകൾ.

2024 ജനുവരി 12 മുതൽ ഫെബ്രുവരി 10 വരെയാണ് ഏഷ്യൻ കപ്പ് ഖത്തർ 2023 ടൂർണമെന്റ് സംഘടിപ്പിക്കുന്നത്.