ഖത്തർ: എക്സ്പോ 2023 ദോഹ വേദിയിൽ ഏഷ്യൻ കപ്പ് ഫാൻ സോൺ ആരംഭിച്ചു

featured GCC News

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഫുട്ബോൾ ആരാധകർക്കായി എക്സ്പോ 2023 ദോഹ ഹോർട്ടികൾച്ചറൽ എക്സിബിഷൻ വേദിയിൽ ഏഷ്യൻ കപ്പ് 2023 ഫാൻ സോൺ ആരംഭിച്ചു. ഖത്തർ ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്‌തത്‌.

ഏഷ്യൻ കപ്പ് 2023 ടൂർണമെന്റിനെത്തുന്ന ഫുട്ബോൾ ആരാധകർക്ക് ഫുട്ബാൾ മാമാങ്കത്തിനൊപ്പം വിനോദ, സാംസ്‌കാരിക ആഘോഷ അനുഭവങ്ങൾ നൽകുന്നതിന്റെ ഭാഗമായാണിത്. എക്സ്പോ 2023 ദോഹ ഹോർട്ടികൾച്ചറൽ എക്സിബിഷൻ വേദിയിലെ കൾച്ചറൽ സോണിലാണ് ഈ ഫാൻ സോൺ ആരംഭിച്ചിരിക്കുന്നത്.

പെയിന്റ്ബാൾ ബാറ്റിൽ സോൺ, ഷൂട്ടിംഗ് റേഞ്ച്, ആരാധകർക്കായുള്ള ഫുട്ബോൾ മത്സരങ്ങൾ, മിനി ഗോൾഫ് കോഴ്‌സ്, ലേസർ ഷോ, കളർ ഫെസ്റ്റിവൽ തുടങ്ങിയ അനുഭവങ്ങൾ ഇവിടെ ഒരുക്കിയിട്ടുണ്ട്. ഇതോടൊപ്പം വിവിധ കലാപരിപാടികളും ഇവിടെ അരങ്ങേറുന്നതാണ്.

ഏഷ്യൻ കപ്പ് ഫാൻ സോണിൽ ഒരുക്കിയിട്ടുള്ള കൾച്ചറൽ സ്റ്റേജിൽ ഫുട്ബാൾ മത്സരങ്ങൾ തത്സമയം സംപ്രേക്ഷണം ചെയ്യുന്നതാണ്.

2024 ജനുവരി 12 മുതൽ ഫെബ്രുവരി 10 വരെയാണ് ഏഷ്യൻ കപ്പ് ഖത്തർ 2023 ടൂർണമെന്റ് സംഘടിപ്പിക്കുന്നത്.