ഖത്തർ: എക്സ്പോ 2023 ദോഹ ഹോർട്ടികൾച്ചറൽ എക്സിബിഷൻ സന്ദർശിച്ചവരുടെ എണ്ണം 2 ദശലക്ഷം കടന്നു

featured GCC News

എക്സ്പോ 2023 ദോഹ ഹോർട്ടികൾച്ചറൽ എക്സിബിഷൻ സന്ദർശിച്ചവരുടെ എണ്ണം 2 ദശലക്ഷം കടന്നതായി അധികൃതർ അറിയിച്ചു. 2023 ഡിസംബർ 31-ന് രാത്രിയാണ് എക്സ്പോ സംഘാടക സമിതി ഇക്കാര്യം അറിയിച്ചത്.

മൂന്ന് മാസത്തെ കണക്കുകൾ പ്രകാരമാണിത്. 2023 ഒക്ടോബർ 2-നാണ് എക്സ്പോ 2023 ദോഹ ഹോർട്ടികൾച്ചറൽ എക്സിബിഷൻ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്‌തത്‌.

2023 ഒക്ടോബർ 2 മുതൽ 2024 മാർച്ച് 28 വരെയാണ് എക്സ്പോ 2023 ദോഹ സംഘടിപ്പിക്കുന്നത്. 179 ദിവസം നീണ്ട് നിൽക്കുന്ന എക്സ്പോ 2023 ദോഹ ഹോർട്ടികൾച്ചറൽ എക്സിബിഷൻ അൽ ബിദ്ദ പാർക്കിൽ വെച്ചാണ് നടത്തുന്നത്.

എക്സ്പോ സന്ദർശകർക്ക് ഇന്റർനാഷണൽ സോൺ, കൾച്ചറൽ സോൺ, ഫാമിലി സോൺ എന്നിങ്ങനെ മൂന്ന് വ്യത്യസ്ത മേഖലകളിൽ ദിനംപ്രതി നടക്കുന്ന വിവിധ പരിപാടികളിൽ പങ്കെടുക്കാവുന്നതാണ്. എക്സ്പോ 2023 ദോഹ ഹോർട്ടികൾച്ചറൽ എക്സിബിഷന്റെ ഭാഗമായി ഇതുവരെ 80 രാജ്യങ്ങൾ തങ്ങളുടെ പവലിയനുകൾ എക്സ്പോ വേദിയിൽ ആരംഭിച്ചിട്ടുണ്ട്.