ഖത്തർ: മഴ അനുഭവപ്പെടുന്ന സാഹചര്യങ്ങളിൽ ജാഗ്രത പുലർത്താൻ അധികൃതർ നിർദ്ദേശം നൽകി

GCC News

രാജ്യത്ത് മഴ അനുഭവപ്പെടുന്ന സാഹചര്യങ്ങളിൽ റോഡ് സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കാൻ ഡ്രൈവർമാരോട് ഖത്തർ പബ്ലിക് വർക്സ് അതോറിറ്റി ആഹ്വാനം ചെയ്തു. 2023 നവംബർ 2-നാണ് ഖത്തർ പബ്ലിക് വർക്സ് അതോറിറ്റി ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

ഖത്തറിൽ ശക്തമായ മഴ അനുഭവപ്പെടുന്ന സാഹചര്യത്തിലാണ് അധികൃതർ ഈ സുരക്ഷാ നിർദ്ദേശങ്ങൾ നൽകിയത്. അസ്ഥിര കാലാവസ്ഥ അനുഭവപ്പെടുന്ന സാഹചര്യങ്ങളിൽ റോഡ് സുരക്ഷയ്ക്കായി പാലിക്കാവുന്ന നിർദ്ദേശങ്ങൾ അടങ്ങിയ ഒരു ബോധവത്‌കരണ വീഡിയോ അധികൃതർ പങ്ക് വെച്ചിട്ടുണ്ട്.

ഈ അറിയിപ്പ് പ്രകാരം, മഴ നിലനിൽക്കുന്ന സാഹചര്യങ്ങളിൽ താഴെ പറയുന്ന സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കാൻ ഖത്തർ പബ്ലിക് വർക്സ് അതോറിറ്റി ആഹ്വാനം ചെയ്തിട്ടുണ്ട്:

  • വാഹനങ്ങൾ സഞ്ചരിക്കുന്നതിനായി നിർമ്മിച്ചിട്ടുള്ളതല്ലാത്ത പാതകൾ മഴ സാഹചര്യങ്ങളിൽ തീർത്തും ഒഴിവാക്കേണ്ടതാണ്.
  • മഴ അനുഭവപ്പെടുന്ന സമയങ്ങളിൽ തുരങ്കങ്ങൾ, പാലങ്ങൾ എന്നിവയിലൂടെയുള്ള സഞ്ചാരം അതീവ ജാഗ്രതയോടെയായിരിക്കണം.
  • ഇത്തരം സാഹചര്യങ്ങളിൽ വഴി തിരിച്ച് വിടുന്നത് സംബന്ധിച്ച് അധികൃതർ റോഡിൽ നൽകിയിട്ടുള്ള അടയാള സൂചികകൾ കർശനമായി പാലിക്കേണ്ടതാണ്.
  • അമിത വേഗതയിൽ വാഹനം ഓടിക്കരുത്.
  • റോഡിലെ മലിനജലം ഒഴിവാക്കുന്നതിനുള്ള ഓടകളിലേക്ക് ഇറങ്ങുന്നതിനുള്ള ദ്വാരങ്ങളുടെ മേലെയുള്ള മൂടി തുറന്ന് വെക്കരുത്.
  • റോഡരികുകളിലെ വിളക്ക് കാലുകൾ, ഇലക്ട്രിക്ക് സ്വിച്ച്ബോർഡുകൾ എന്നിവയിൽ തൊടരുത്.