യു എ ഇ: വാരാന്ത്യത്തിൽ ഏതാനം ഇടങ്ങളിൽ മഴയ്ക്ക് സാധ്യത

GCC News

രാജ്യത്തിന്റെ വിവിധ മേഖലകളിൽ ഈ വാരാന്ത്യത്തിൽ മഴയ്ക്ക് സാധ്യതയുള്ളതായി യു എ ഇ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. 2024 ജനുവരി 25-നാണ് യു എ ഇ ദേശീയ കാലാവസ്ഥാ കേന്ദ്രം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

ഈ അറിയിപ്പ് പ്രകാരം യു എ ഇയുടെ വിവിധ ഇടങ്ങളിൽ ജനുവരി 27, ശനിയാഴ്ച മഴയ്ക്ക് സാധ്യതയുണ്ട്. ശനിയാഴ്ച രാവിലെ വിവിധ ഭാഗങ്ങളിൽ അന്തരീക്ഷത്തിൽ പൊടി അനുഭവപ്പെടാനിടയുണ്ടെന്നും, വടക്കൻ മേഖലകളിലും, തീരപ്രദേശങ്ങളിലും അന്തരീക്ഷം മേഘാവൃതമായിരിക്കുമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്.

ഈ മേഖലകളിൽ രാത്രിയോടെ ചെറിയ രീതിയിലുള്ള മഴ ലഭിക്കുന്നതിന് സാധ്യതയുണ്ട്. ശനിയാഴ്ച സാമാന്യം ശക്തമായ കാറ്റ് അനുഭവപ്പെടാനിടയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്.

ജനുവരി 28, ഞായറാഴ്ച യു എ ഇയുടെ വടക്കൻ മേഖലകളിലും, കിഴക്കൻ മേഖലകളിലും ഏതാനം പ്രദേശങ്ങളിൽ പകൽസമയം മഴ ലഭിക്കാനിടയുണ്ട്. ഞായറാഴ്ച അന്തരീക്ഷ താപനില താഴുമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്.