അബുദാബി ഇന്റർനാഷണൽ ബുക്ക് ഫെയർ: 85 രാജ്യങ്ങളിൽ നിന്നുള്ള പ്രസാധകർ പങ്കെടുക്കും

UAE

മുപ്പത്തിമൂന്നാമത് അബുദാബി ഇന്റർനാഷണൽ ബുക്ക് ഫെയറിൽ 85 രാജ്യങ്ങളിൽ നിന്നുള്ള ആയിരത്തിമുന്നൂറിലധികം പ്രസാധകർ പങ്കെടുക്കും. 2024 ഏപ്രിൽ 27-നാണ് അബുദാബി മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്.

ഈ വർഷത്തെ അബുദാബി അന്താരാഷ്ട്ര പുസ്തകമേള 2024 ഏപ്രിൽ 29 മുതലാണ് ആരംഭിക്കുന്നത്. 2024 ഏപ്രിൽ 29 മുതൽ മെയ് 5 വരെ അബുദാബി നാഷണൽ എക്സിബിഷൻ സെന്ററിൽ (ADNEC) വെച്ചാണ് ഈ പുസ്തകമേള സംഘടിപ്പിക്കുന്നത്.

അബുദാബി ഇന്റർനാഷണൽ ബുക്ക് ഫെയറിന് മുന്നോടിയായി നടക്കുന്ന ഇന്റർനാഷണൽ കോൺഗ്രസ് ഓഫ് അറബിക് പബ്ലിഷിങ് ആൻഡ് ക്രിയേറ്റീവ് ഇൻഡസ്ട്രീസിന്റെ മൂന്നാമത് പതിപ്പ് ഏപ്രിൽ 28-ന് ആരംഭിക്കും. ഏപ്രിൽ 29 മുതൽ അബുദാബി അന്താരാഷ്ട്ര പുസ്തകമേളയിലേക്ക് സന്ദർശകർക്ക് പ്രവേശനം അനുവദിക്കുന്നതാണ്.

അബുദാബി ഡിപ്പാർട്മെന്റ് ഓഫ് കൾച്ചർ ആൻഡ് ടൂറിസം, അബുദാബി അറബിക് ലാംഗ്വേജ് സെന്റർ എന്നിവർ സംയുക്തമായാണ് ഈ പുസ്തകമേള ഒരുക്കുന്നത്. മേഖലയിൽ പുസ്തകവായനയുടെ സംസ്കാരം വളർത്തുന്നതിനും, സാംസ്കാരിക മേഖലയെ പരിപോഷിപ്പിക്കുന്നതിനും ലക്ഷ്യമിട്ടാണ് അബുദാബി ഇന്റർനാഷണൽ ബുക്ക് ഫെയർ ഒരുക്കുന്നത്.

ഈജിപ്താണ് ഇത്തവണത്തെ പുസ്തകമേളയിലെ വിശിഷ്ടാതിഥിയായി പങ്കെടുക്കുന്നത്. അബുദാബി ഇന്റർനാഷണൽ ബുക്ക് ഫെയർ സന്ദർശിക്കുന്നതിനുള്ള ടിക്കറ്റ് ഉപയോഗിച്ച് കൊണ്ട് ലൂവർ അബുദാബി മ്യൂസിയം, ഖസ്ർ അൽ ഹൊസൻ എന്നിവ ഓരോ തവണ സൗജന്യമായി സന്ദർശിക്കുന്നതിന് അവസരം നൽകുന്ന പദ്ധതി തുടർച്ചയായി രണ്ടാം വർഷവും നടപ്പിലാക്കുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.