അബുദാബി: മുന്നിലുള്ള വാഹനത്തിൽ നിന്ന് നിശ്ചിത ദൂരം പാലിക്കുന്നതിൽ വീഴ്ച്ച വരുത്തുന്നവർക്ക് പിഴ ചുമത്തുമെന്ന് മുന്നറിയിപ്പ്

featured UAE

എമിറേറ്റിലെ റോഡുകളിൽ മുന്നിൽ പോകുന്ന വാഹനവുമായി അപകടത്തിനിടയാകുന്ന രീതിയിൽ, നിശ്ചിത ദൂരം പാലിക്കാതെ വാഹനമോടിക്കുന്നവർക്ക് പിഴ ചുമത്തുമെന്ന് അബുദാബി പോലീസ് അറിയിച്ചു. ഇത്തരം വാഹനങ്ങൾക്ക് 5400 ദിർഹം പിഴ ചുമത്തപ്പെടാവുന്നതാണെന്ന് പോലീസ് വ്യക്തമാക്കി.

ഇത്തരം നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനായി പോലീസ് ട്രാഫിക് ഉദ്യോഗസ്ഥരുടെയും, സ്മാർട്ട് റഡാർ സംവിധാനത്തിന്റെയും സഹായം ഉപയോഗപ്പെടുത്തുന്നതാണ്. വാഹനങ്ങൾ തമ്മിൽ നിശ്ചിത അകലം പാലിക്കാതെയുള്ള ഡ്രൈവിംഗ് രീതികൾ എമിറേറ്റിൽ റോഡപകടങ്ങളിലേക്ക് നയിക്കുന്ന പ്രധാന കാരണങ്ങളിലൊന്നാണെന്ന് പോലീസ് ചൂണ്ടിക്കാട്ടി.

ഇത്തരം ലംഘനങ്ങൾ വരുത്തുന്ന വാഹനങ്ങൾക്ക് 400 ദിർഹം പിഴയും, നാല് ട്രാഫിക് ബ്ലാക്ക് പോയിന്റുകളും ചുമത്തുന്നതാണ്. ഇതിന് പുറമെ ഇത്തരം വാഹനങ്ങൾ പോലീസ് പിടിച്ചെടുക്കുന്നതാണ്. ഇത്തരത്തിൽ പിടിച്ചെടുക്കപ്പെടുന്ന വാഹനങ്ങൾ വിട്ടുകിട്ടുന്നതിനായി വാഹന ഉടമ മൂന്ന് മാസത്തിനകം 5000 ദിർഹം അടയ്‌ക്കേണ്ടിവരുന്നതാണ്.

വാഹനങ്ങൾ തമ്മിൽ നിശ്ചിത അകലം പാലിക്കാതെയുള്ള ഡ്രൈവിംഗ്, മറ്റു വാഹനങ്ങളെ കടന്ന് പോകാൻ അനുവദിക്കാതെ തടസമായി ഫാസ്റ്റ് ലേനിൽ പതിയെ വാഹനമോടിക്കുക മുതലായ നിയമലംഘനങ്ങൾ ഒഴിവാക്കാൻ പോലീസ് ആഹ്വാനം ചെയ്തു. പതിയെ സഞ്ചരിക്കുന്ന വാഹനങ്ങൾ റോഡിലെ ഏറ്റവും വലത്ത് വശത്തുള്ള വരികൾ ഉപയോഗിക്കാൻ പോലീസ് നിർദ്ദേശം നൽകി.

പിറകിൽ നിന്ന് വരുന്ന വാഹനങ്ങളെ കടന്നു പോകാൻ അനുവദിക്കാതിരിക്കുക, ഇടത്ത് വശത്തുള്ള ഓവർടേക്ക് ചെയ്യുന്നതിനുള്ള ലെയിനിലൂടെ വരുന്ന വാഹനങ്ങൾക്ക് തടസം സൃഷ്ടിക്കുക തുടങ്ങിയ പ്രവർത്തികൾക്ക് 400 ദിർഹം പിഴ ചുമത്തുമെന്നും പോലീസ് കൂട്ടിച്ചേർത്തു.

Cover Image: WAM.