യു എ ഇയുടെ ആദ്യ ചാന്ദ്ര പര്യവേഷണം: റാഷിദ് റോവറിന്റെ അവസാന ഘട്ട പരീക്ഷണം പൂർത്തിയായി

featured UAE

യു എ ഇയുടെ ആദ്യ ചാന്ദ്ര പര്യവേഷണത്തിന്റെ ഭാഗമായി ഉപയോഗിക്കുന്ന റാഷിദ് റോവറിന്റെ അവസാന ഘട്ട പരീക്ഷണം പൂർത്തിയായതായി മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെന്റർ അറിയിച്ചു. 2022 ഒക്ടോബർ 12-നാണ് അധികൃതർ ഇക്കാര്യം അറിയിച്ചത്.

അറബ് ലോകത്തെ ആദ്യ ചാന്ദ്രപര്യവേഷണത്തിനൊരുങ്ങുന്ന യു എ ഇ ഇതോടെ ഈ ചരിത്ര ദൗത്യത്തിലേക്ക് ഒരുപടി കൂടി അടുത്തു. റാഷിദ് റോവറിന്റെ എല്ലാ പരീക്ഷണങ്ങളും ഔദ്യോഗികമായി പൂർത്തിയായതായും, റോവർ വിക്ഷേപണത്തിന് തയ്യാറായതായും മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെന്റർ ഡയറക്ടർ ജനറൽ സലേം അൽമാരി അറിയിച്ചു.

Source: Mohammed Bin Rashid Space Centre.

എമിറേറ്റ്സ് ലൂണാർ മിഷൻ സംഘത്തെ അദ്ദേഹം പ്രശംസിച്ചു. തെർമൽ വാക്യും ടെസ്റ്റ്, വൈബ്രേഷൻ ആൻഡ് ഷോക്ക് ടെസ്റ്റ് മുതലായ എല്ലാ പരിശോധനകളും റാഷിദ് റോവർ വിജയകരമായി പൂർത്തിയാക്കിയിട്ടുണ്ട്.

“റാഷിദ് റോവറിന്റെ നിർമ്മാണം പൂർത്തിയാക്കുന്നതിനായി പ്രവർത്തിച്ച മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെന്റിലെ മുഴുവൻ അംഗങ്ങളോടും ഞാൻ നന്ദി അറിയിക്കുന്നു. റോവർ അതിന്റെ എല്ലാ പരീക്ഷണങ്ങളും ഔദ്യോഗികമായി പൂർത്തിയാക്കിയിരുന്നു. ഇതോടെ അറബ് ലോകത്തെ ആദ്യ ചാന്ദ്ര ദൗത്യം അതിന്റെ ലക്ഷ്യത്തിലേക്കുള്ള ഒരു പടികൂടി പൂർത്തിയാക്കിയിരിക്കുകയാണ്. “, ദുബായ് കിരീടാവകാശി H.H. ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ട്വിറ്ററിൽ കുറിച്ചു.

ചന്ദ്രോപരിതലത്തിലെ മണ്ണിന്റെ ഘടന സംബന്ധിച്ച സമഗ്രമായ പഠനം ലക്ഷ്യമിട്ടാണ് യു എ ഇ റാഷിദ് പേടകത്തെ ചന്ദ്രനിലേക്ക് അയക്കുന്നത്.

Source: Mohammed Bin Rashid Space Centre.

ഈ പര്യവേഷണത്തിന്റെ ഭാഗമായി ചന്ദ്രോപരിതല പഠനങ്ങൾക്കായി വിക്ഷേപിക്കുന്ന ഈ ചെറു പേടകം പൂർണ്ണമായും മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെന്ററിലാണ് നിർമ്മിച്ചിട്ടുള്ളത്. ഷെയ്ഖ് റഷീദ് ബിൻ സയീദ് അൽ മക്തൂമിന്റെ സ്മരണയ്ക്കായാണ് ഈ ചന്ദ്രയാത്ര പേടകത്തിന് റഷീദ് എന്ന് പേരിട്ടിരിക്കുന്നത്.

യു എ ഇ അറബ് ലോകത്തെ ആദ്യ ചാന്ദ്ര പര്യവേഷണത്തിനൊരുങ്ങുന്നതായി ദുബായ് മീഡിയ ഓഫീസ് 2020 നവംബറിൽ അറിയിച്ചിരുന്നു. റാഷിദ് ചന്ദ്രയാത്ര പേടകത്തിന്റെ പ്രധാന കർത്തവ്യങ്ങൾ 2020 ഡിസംബറിൽ യു എ ഇ പുറത്ത് വിട്ടിരുന്നു.

റാഷിദ് റോവർ ചന്ദ്രോപരിതലത്തിൽ ഇറങ്ങുന്ന പ്രൈമറി ലാൻഡിംഗ് സൈറ്റ് സംബന്ധിച്ച് മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെന്റർ 2021 സെപ്റ്റംബർ 4-ന് പ്രഖ്യാപനം നടത്തിയിരുന്നു.