ബഹ്‌റൈൻ: ഡിസംബർ 4 മുതൽ COVID-19 നടപടിക്രമങ്ങളിൽ മാറ്റം വരുത്തുന്നു

featured GCC News

രാജ്യത്തെ COVID-19 നടപടിക്രമങ്ങളിൽ 2022 ഡിസംബർ 4, ഞായറാഴ്ച മുതൽ മാറ്റം വരുത്താൻ തീരുമാനിച്ചതായി ബഹ്‌റൈൻ നാഷണൽ മെഡിക്കൽ ടാസ്‌ക്‌ഫോഴ്‌സ്‌ അറിയിച്ചു. നവംബർ 29-ന് രാത്രി ബഹ്‌റൈൻ ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ഡിസംബർ 4 മുതൽ COVID-19-നുമായി ബന്ധപ്പെട്ട് താഴെ പറയുന്ന തീരുമാനങ്ങളാണ് ബഹ്‌റൈൻ നടപ്പിലാക്കുന്നത്:

  • രാജ്യത്തെ COVID-19 രോഗബാധ സംബന്ധിച്ച് ദിനം തോറും സ്ഥിതിവിവരക്കണക്കുകൾ പുറത്തിറക്കിയിരുന്ന നടപടി നിർത്തലാക്കും.
  • ഡ്രൈവ്-ത്രൂ PCR ടെസ്റ്റിംഗ് സേവനങ്ങൾ നിർത്തലാക്കും. ഇത്തരം പരിശോധനകൾ പ്രാദേശിക ആരോഗ്യപരിചരണ കേന്ദ്രങ്ങളിൽ നിന്ന് നൽകുന്ന രീതിയിൽ പുനഃക്രമീകരിക്കും.
  • സിത്ര മാളിൽ പ്രവർത്തിച്ച് വന്നിരുന്ന വാക്സിനേഷൻ കേന്ദ്രം നിർത്തലാക്കും. വാക്സിനേഷൻ സേവനങ്ങൾ പ്രാദേശിക ആരോഗ്യപരിചരണ കേന്ദ്രങ്ങളിൽ നിന്ന് നൽകുന്ന രീതിയിൽ പുനഃക്രമീകരിക്കും.
  • ബഹ്‌റൈൻ ഇന്റർനാഷണൽ ഹോസ്പിറ്റലിൽ പ്രവർത്തിച്ച് വന്നിരുന്ന COVID-19 പരിചരണ കേന്ദ്രം നിർത്തലാക്കും. ഇതിന് പകരമായി രോഗബാധിതർക്ക് ആവശ്യമായ ചികിത്സകൾ നൽകുന്ന നടപടികൾ സൽമാനിയ മെഡിക്കൽ കോംപ്ലെക്സിലെ ‘Sehati’ ബിൽഡിങ്ങിൽ നിന്നാക്കി പുനഃക്രമീകരിക്കും.

രാജ്യത്തെ നിലവിലെ COVID-19 സാഹചര്യങ്ങൾ കണക്കിലെടുത്താണ് ഇത്തരം ഒരു തീരുമാനമെന്ന് COVID-19 പ്രതിരോധത്തിന്റെ ചുമതലയുള്ള നാഷണൽ മെഡിക്കൽ ടാസ്‌ക്‌ഫോഴ്‌സ്‌ തലവൻ H.E. ലെഫ്റ്റനന്റ് ജനറൽ ഡോ. ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുല്ല അൽ ഖലീഫ വ്യക്തമാക്കി.

Cover Image: WAM.