2024-ന്റെ ഒന്നാം പകുതിയിൽ അബുദാബി വിമാനത്താവളങ്ങളിലൂടെ യാത്ര ചെയ്തവരുടെ എണ്ണം 13 ദശലക്ഷം കടന്നു

UAE

2024-ന്റെ ഒന്നാം പകുതിയിൽ അബുദാബിയിലെ വിമാനത്താവളങ്ങളിലൂടെ യാത്ര ചെയ്തവരുടെ എണ്ണം 13 ദശലക്ഷം കടന്നതായി അബുദാബി എയർപോർട്ട്സ് അറിയിച്ചു. അബുദാബി മീഡിയ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.

എമിറേറ്റിലെ അഞ്ച് വിമാനത്താവളങ്ങളിലൂടെ ഈ കാലയളവിൽ യാത്ര ചെയ്തവരുടെ എണ്ണം 13.9 ദശലക്ഷമാണെന്ന് (13,983,885) അധികൃതർ വ്യക്തമാക്കി. 2024 ജനുവരി 1 മുതൽ ജൂൺ 30 വരെയുള്ള കാലയളവിൽ സായിദ് ഇന്റർനാഷണൽ എയർപോർട്ട്, അൽ ഐൻ ഇന്റർനാഷണൽ എയർപോർട്ട്, അൽ ബതീൻ എക്സിക്യൂട്ടീവ് എയർപോർട്ട്, ഡെൽമ ഐലൻഡ് എയർപോർട്ട്, സിർ ബാനി യാസ് ഐലൻഡ് എയർപോർട്ട് എന്നീ വിമാനത്താവളങ്ങളിലൂടെ സഞ്ചരിച്ച ആകെയുള്ള യാത്രികരുടെ കണക്കുകളാണിത്.

കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ യാത്രികരുടെ എണ്ണത്തിൽ 33.5 ശതമാനം വളർച്ചയാണ് എമിറേറ്റിലെ വിമാനത്താവളങ്ങൾ രേഖപ്പെടുത്തിയിരിക്കുന്നത്. ഈ കാലയളവിൽ 13,726,550 യാത്രികരാണ് സായിദ് ഇന്റർനാഷണൽ എയർപോർട്ട് ഉപയോഗിച്ചത്.