ഇന്ത്യൻ സിനിമയുടെ ചരിത്രവുമായി ലൂവർ അബുദാബി; ‘ബോളിവുഡ് സൂപ്പർസ്റ്റാർസ്’ പ്രദർശനം ജനുവരി 24 മുതൽ

featured UAE

ഇന്ത്യൻ സിനിമയുടെ ചരിത്രം പറയുന്ന ‘ബോളിവുഡ് സൂപ്പർസ്റ്റാർസ്: എ ഷോർട്ട് സ്റ്റോറി ഓഫ് ഇന്ത്യൻ സിനിമ’ എന്ന പ്രദർശനം 2023 ജനുവരി 24 മുതൽ ലൂവർ അബുദാബിയിൽ ആരംഭിക്കും. 2023 ജനുവരി 24 മുതൽ 2023 ജൂൺ 4 വരെയാണ് ഈ പ്രദർശനം.

https://twitter.com/LouvreAbuDhabi/status/1607733568490332160

എമിരേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഫ്രാൻസിലെ ‘മ്യൂസി ഡു ക്വായ് ബ്രാൻലി – ജാക്വസ് ചിരാക്’, ഫ്രാൻസ് മ്യൂസിയം എന്നിവയുമായി സഹകരിച്ചാണ് ഈ പ്രദർശനം സംഘടിപ്പിക്കുന്നത്.

ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ കലയുടെയും നാഗരികതയുടെയും ആഴവും സമ്പന്നതയും അതിന്റെ നീണ്ട പാരമ്പര്യവും, ഇന്ത്യൻ ചലച്ചിത്ര നിർമ്മാണ വ്യവസായത്തിന്റെ വൈവിധ്യങ്ങളും ഈ പ്രദർശനത്തിൽ എടുത്ത് കാട്ടുന്നതാണ്. ഫോട്ടോഗ്രാഫുകൾ, തുണിത്തരങ്ങൾ, ഗ്രാഫിക് ആർട്ട്‌സ്, വസ്ത്രങ്ങൾ, 30-ലധികം ഫിലിം എക്‌സ്‌ട്രാറ്റുകൾ എന്നിവയുൾപ്പെടെ 80-ലധികം കലാസൃഷ്ടികളിലൂടെ, പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനം മുതൽ ഇന്നുവരെയുള്ള ഇന്ത്യൻ സിനിമയുടെ സമ്പന്നമായ ചരിത്രം ഈ എക്സിബിഷൻ പര്യവേക്ഷണം ചെയ്യുന്നു.

ലൂവ്രെ അബുദാബി, മ്യൂസി ഡു ക്വായ് ബ്രാൻലി – ജാക്വസ് ചിരാക്, മ്യൂസി ഡി ലാമി, മ്യൂസി നാഷണൽ ഡെസ് ആർട്സ് ഏഷ്യാറ്റിക്സ് – ഗുയിമെറ്റ്, അൽ-സബാ ശേഖരം, രാജാ രവി വർമ്മ ഹെറിറ്റേജ് ഫൗണ്ടേഷൻ, പ്രിയ പോൾ കളക്ഷൻ എന്നിവയുടെ ശേഖരങ്ങളിൽ നിന്നുള്ള കലാസൃഷ്ടികളാണ് ഈ പ്രദർശനത്തിനെത്തുന്നത്.

ലോകത്തിൽ ഏറ്റവും കൂടുതൽ ചലച്ചിത്രങ്ങൾ നിർമ്മിക്കുന്ന രാജ്യം എന്ന നിലയിൽ, ഇന്ത്യയിൽ 20 ഭാഷകളിലായി പ്രതിവർഷം 1,500-ലധികം സിനിമകൾ നിർമ്മിക്കുന്നുണ്ട്. ‘ബോളിവുഡ് സൂപ്പർസ്റ്റാർസ്: എ ഷോർട്ട് സ്റ്റോറി ഓഫ് ഇന്ത്യൻ സിനിമ’ എന്ന പ്രദർശനത്തിലൂടെ ഇന്ത്യൻ സിനിമാ മേഖലയിലെ പ്രഥമപ്രവര്‍ത്തകർ പ്രാരംഭഘട്ടത്തിലുണ്ടായിരുന്ന ലിത്തോഗ്രഫി, ഫോട്ടോഗ്രാഫി തുടങ്ങിയ സാങ്കേതികവിദ്യകൾ എങ്ങനെയാണ് ഉപയോഗപ്പെടുത്തിയിരുന്നതെന്ന് സന്ദർശകർക്ക് മനസ്സിലാക്കാവുന്നതാണ്.

ബോളിവുഡിന്റെ അന്താരാഷ്ട്ര വിജയത്തെക്കുറിച്ചും ഇന്ത്യൻ ഛായാഗ്രഹണത്തിന്റെ വൈവിധ്യത്തെക്കുറിച്ചും ആഴത്തിലുള്ള ധാരണ നൽകുന്ന രീതിയിലാണ് ഈ പ്രദർശനം ഒരുക്കുന്നത്. ഇന്ത്യൻ സിനിമയുടെ കഥപറച്ചിൽ, നൃത്തം, പ്രീ-സിനിമ എന്നിവയിൽ തുടങ്ങി മതത്തിന്റെയും, പുരാണങ്ങളുടെയും സ്വാധീനവും, ബോളിവുഡ് സൂപ്പർതാരങ്ങളുടെ ഉദയവും വരെ നീളുന്ന സമഗ്രമായ പ്രദർശനമായിരിക്കും ഇത്.

ലൂവ്രെ അബുദാബിയുടെ ശേഖരത്തിൽ നിന്നുള്ള കലാസൃഷ്‌ടികളായ ‘കൃഷ്ണ ആന്റ് ഹിസ് കോർട്ടേഴ്‌സ് ബൈ ദ സീ അറ്റ് പണ്ടാരക’ (ഉദ്ദേശം 1820-ണ് നിന്നുള്ള, കാൻഗ്ര, ഇന്ത്യ) എന്ന ഹരിവംശ പരമ്പരയിലെ ഒരു പേജ്, ‘ഗോപികളാൽ ചുറ്റപ്പെട്ട കൃഷ്ണൻ ‘ (1655, രാജസ്ഥാൻ, ഇന്ത്യ) തുടങ്ങിയവ ഈ പ്രദർശനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിന് പുറമെ കുട്ടിക്കാലത്ത് പുല്ലാങ്കുഴൽ വായിക്കുന്ന കൃഷ്ണന്റെ പ്രതിമ (19-ആം നൂറ്റാണ്ടിന്റെ രണ്ടാം പകുതി, രാജസ്ഥാൻ, ഇന്ത്യ, മ്യൂസി ഡു ക്വായ് ബ്രാൻലി – ജാക്വസ് ചിരാക്-ൽ നിന്ന്), അൽ-സബാഹ് ശേഖരത്തിൽ നിന്നുള്ള ഒരു കഠാരി (പതിനേഴാം നൂറ്റാണ്ടിന്റെ അവസാനം, കുവൈറ്റ്), 18-ാം നൂറ്റാണ്ടിൽ നിന്നുള്ള ഒരു ഇന്ത്യൻ പടച്ചട്ട തുടങ്ങിയ മറ്റു മ്യൂസിയങ്ങളിൽ നിന്നുള്ള കലാരൂപങ്ങളും ഈ പ്രദർശനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഈ പ്രദർശനത്തിന്റെ കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുന്നതാണ്. 18 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് മ്യൂസിയത്തിൽ പ്രവേശനം സൗജന്യമാണ്. ലൂവർ അബുദാബി മ്യൂസിയത്തിലേക്കുള്ള പൊതു പ്രവേശന ടിക്കറ്റുകൾ എടുക്കുന്നവർക്ക് ഈ എക്സിബിഷനിലേക്ക് സൗജന്യമായി പ്രവേശനം നൽകുന്നതാണ്.

WAM