സൗദി അറേബ്യ: ഓഗസ്റ്റ് 9 വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് സിവിൽ ഡിഫെൻസ് മുന്നറിയിപ്പ് നൽകി

featured GCC News

2024 ഓഗസ്റ്റ് 9, വെള്ളിയാഴ്ച വരെ രാജ്യത്തിന്റെ വിവിധ ഇടങ്ങളിൽ കാലാവസ്ഥ രൂക്ഷമായി തുടരാൻ സാധ്യതയുണ്ടെന്നും, ശക്തമായ മഴ, കാറ്റ് എന്നിവ മൂലം ഉണ്ടാകാനിടയുള്ള അപകടസാധ്യതകളെക്കുറിച്ച് ജാഗ്രത പുലർത്തണമെന്നും സൗദി സിവിൽ ഡിഫെൻസ് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. 2024 ഓഗസ്റ്റ് 5-നാണ് സൗദി സിവിൽ ഡിഫെൻസ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

ഈ അറിയിപ്പ് പ്രകാരം സൗദി അറേബ്യയുടെ വിവിധ മേഖലകളിൽ ഓഗസ്റ്റ് 9 വരെ ശക്തമായ മഴ, കാറ്റ് എന്നിവ അനുഭവപ്പെടുന്നതിന് സാധ്യതയുണ്ട്.

മക്ക മേഖലയിൽ ഈ കാലയളവിൽ അതിശക്തമായ മഴ, ആലിപ്പഴം പൊഴിയൽ, ശക്തമായ കാറ്റ് എന്നിവ അനുഭവപ്പെടാനിടയുണ്ട്. കാറ്റ് മൂലം ഈ മേഖലയിൽ അന്തരീക്ഷത്തിൽ പൊടി ഉയരാനിടയുണ്ടെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഈ പൊടിക്കാറ്റ് സമീപത്തുള്ള വിവിധ ഗവർണറേറ്റുകളിലേക്ക് വ്യാപിക്കാനിടയുണ്ടെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അസീർ, ബാഹ, ജസാൻ, മദീന, നജ്‌റാൻ, റിയാദ് തുടങ്ങിയ മേഖലകളിലും മഴയ്ക്ക് സാധ്യതയുണ്ട്.

പെട്ടന്നുള്ള വെള്ളപ്പൊക്കം, വെള്ളത്തിന്റെ കുത്തൊഴുക്ക് എന്നിവയ്ക്ക് സാധ്യതയുള്ള പ്രദേശങ്ങൾ, ചതുപ്പ് നിലങ്ങൾ, താഴ്വരകൾ എന്നിവ ഈ കാലയളവിൽ സന്ദർശിക്കരുതെന്ന് സിവിൽ ഡിഫെൻസ് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇത്തരം പ്രദേശങ്ങളിലെ ജലാശയങ്ങൾ, വെള്ളക്കെട്ട് തുടങ്ങിയവയിൽ ഒരുകാരണവശാലും നീന്താൻ ഇറങ്ങരുതെന്ന് സിവിൽ ഡിഫെൻസ് കൂട്ടിച്ചേർത്തു.