ദുബായ്: വിനോദസഞ്ചാരികൾക്കുള്ള പ്രത്യേക ബസ് സർവീസ് ആരംഭിക്കുന്നതായി RTA

featured UAE

വിനോദസഞ്ചാരികൾക്ക് എമിറേറ്റിലെ പ്രധാനപ്പെട്ട ടൂറിസം കേന്ദ്രങ്ങളിലേക്ക് സുഗമമായ യാത്രാ സേവനങ്ങൾ നൽകുന്നതിനായുള്ള ഒരു പ്രത്യേക ബസ് സർവീസ് അടുത്ത് തന്നെ ആരംഭിക്കുന്നതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു. 2024 ഓഗസ്റ്റ് 5-നാണ് RTA ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

ദുബായിലെ എട്ട് പ്രധാനപ്പെട്ട ടൂറിസം കേന്ദ്രങ്ങളിലേക്ക് യാത്രാ സേവനങ്ങൾ നൽകുന്ന രീതിയിലായിരിക്കും ഈ ബസ് സർവീസ്. ‘On & Off Bus’ എന്ന ഈ സേവനം 2024 സെപ്റ്റംബർ മുതൽ ആരംഭിക്കുമെന്ന് RTA അറിയിച്ചിട്ടുണ്ട്.

ദുബായ് മാൾ, ദുബായ് ഫ്രെയിം, ഹെറിറ്റേജ് വില്ലജ്, മ്യൂസിയം ഓഫ് ദി ഫ്യൂച്ചർ, ഗോൾഡ് സൂഖ്, ലാ മെർ ബീച്ച്, ജുമേയ്‌റ മോസ്‌ക്, സിറ്റി വാക് എന്നിവിടങ്ങളിലേക്കാണ് ഈ ബസ് സർവീസ് നടത്തുക. ഇവയ്ക്ക് പുറമെ മറ്റു പൊതുഗതാഗത സംവിധാനങ്ങളെ ഈ ബസ് സർവീസുമായി സംയോജിപ്പിക്കുന്നതിനായി അൽ ഗുബൈബ മെട്രോ സ്റ്റേഷൻ, അൽ ഗുബൈബ ബസ് സ്റ്റേഷൻ, അൽ ഗുബൈബ മറൈൻ സ്റ്റേഷൻ എന്നിവിടങ്ങളിലും ഈ ബസ് നിർത്തുന്നതാണ്.

Source: Dubai Media Office.

ദുബായ് മാളിൽ നിന്ന് സർവീസ് ആരംഭിക്കുന്ന രീതിയിലായിരിക്കും ‘On & Off Bus’ സർവീസ് നടത്തുന്നത്. രാവിലെ 10 മണിമുതൽ രാത്രി 10 മണിവരെയുള്ള സമയങ്ങളിൽ ഓരോ മണിക്കൂർ ഇടവേളയിലും ഒരു സർവീസ് എന്ന രീതിയിലായിരിക്കും ഇത് പ്രവർത്തിക്കുക.

ആകെ രണ്ട് മണിക്കൂറാണ് യാത്രാ സമയം. 35 ദിർഹമാണ് ടിക്കറ്റ് നിരക്ക്. ഈ ടിക്കറ്റിന് ഒരു ദിവസം മുഴുവൻ സാധുതയുണ്ടായിരിക്കുന്നതാണ്.