ദുബായ്: മിറക്കിൾ ഗാർഡൻ പതിമൂന്നാം സീസൺ ആരംഭിച്ചു

GCC News

ലോകത്തെ ഏറ്റവും വലിയ സ്വാഭാവിക പൂന്തോട്ടമായ ദുബായ് മിറക്കിൾ ഗാർഡന്റെ പതിമൂന്നാം സീസൺ ആരംഭിച്ചു. 2024 സെപ്റ്റംബർ 28, ശനിയാഴ്ചയാണ് ദുബായ് മിറക്കിൾ ഗാർഡന്റെ പതിമൂന്നാം സീസൺ ആരംഭിച്ചത്.

അത്യന്തം ആകർഷകമായ അനുഭവങ്ങളുമായാണ് സന്ദർശകർക്കായി മിറക്കിൾ ഗാർഡന്റെ പതിമൂന്നാം സീസൺ ഒരുക്കിയിരിക്കുന്നത്. യു എ ഇ നിവാസികൾക്ക് ടിക്കറ്റ് നിരക്കിൽ ഇളവ് അനുവദിച്ചിട്ടുണ്ട്.

മൂന്ന് വയസിന് മുകളിൽ പ്രായമുള്ള യു എ ഇ നിവാസികൾക്ക് (സാധുതയുള്ള എമിറേറ്റ്സ് ഐഡി നിർബന്ധം) അറുപത് ദിർഹം നിരക്കിൽ ടിക്കറ്റ് ലഭിക്കുന്നതാണ്. ഇത്തരം ഇളവുകൾ ബാധകമാക്കിയിട്ടുള്ള ടിക്കറ്റുകൾ ദുബായ് മിറക്കിൾ ഗാർഡന്റെ ടിക്കറ്റ് കൗണ്ടറിൽ നിന്ന് മാത്രമാണ് ലഭ്യമാക്കുന്നത്.

ടൂറിസ്റ്റുകൾക്ക് 100 ദിർഹം നിരക്കിലാണ് (മൂന്നിനും പന്ത്രണ്ടിനും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് 85 ദിർഹം) ടിക്കറ്റുകൾ ലഭ്യമാക്കുന്നത്.

72000 സ്‌ക്വയർ മീറ്റർ വലിപ്പമുള്ള ഈ പൂന്തോട്ടത്തിൽ 120 തരത്തിലുള്ള, ഏതാണ്ട് 150 ദശലക്ഷത്തിൽ പരം വിവിധ വർണ്ണങ്ങളിലും, സൗരഭ്യത്തോടും കൂടിയ പൂക്കളാണ് ഇക്കൊല്ലം സന്ദർശകരെ കാത്ത് ഒരുങ്ങിയിരിക്കുന്നത്. ആംഫിതീയറ്റർ ഉൾപ്പടെയുള്ള വിനോദക്കാഴ്ചകളോടൊപ്പം, സന്ദർശകർക്കായി ഭക്ഷണപാനീയങ്ങളുടെ വില്പനശാലകളും ഗാർഡനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

മിറക്കിൾ ഗാർഡനിൽ നിലവിലുള്ള പൂക്കളാൽ തീർത്ത എമിറേറ്സ് A380 വിമാനം, ഒരുലക്ഷത്തോളം പൂക്കളാൽ ഒരുക്കിയ മിക്കി മൗസിന്റെ പ്രതിമ എന്നിവ ഇത്തവണയും സന്ദർശകർക്ക് ആസ്വദിക്കാവുന്നതാണ്.