ഒമാൻ: തൊഴിലിടങ്ങളിലെ പരാതി അറിയിക്കുന്നതിനുള്ള സംവിധാനങ്ങൾ സംബന്ധിച്ചുളള നിബന്ധനകൾ

featured GCC News

തൊഴിലിടങ്ങളിലെ പരാതികൾ, ആവലാതികൾ എന്നിവ അറിയിക്കുന്നതിനുള്ള സംവിധാനങ്ങൾ സംബന്ധിച്ച് ഒമാൻ തൊഴിൽ മന്ത്രാലയം പുതിയ നിബന്ധനകൾ പുറത്തിറക്കി. 2024 ഒക്ടോബർ 20-നാണ് ഒമാൻ തൊഴിൽ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.

ഇതുമായി ബന്ധപ്പെട്ട് ഒമാൻ തൊഴിൽ മന്ത്രാലയം ‘617/2024′ എന്ന ഒരു ഔദ്യോഗിക ഉത്തരവ് പുറത്തിറക്കിയിട്ടുണ്ട്. ഉത്തരവ് ’53/2023’ മുന്നോട്ട് വെക്കുന്ന പരാതികൾ, ആവലാതികൾ എന്നിവ അറിയിക്കുന്നതിനുള്ള സംവിധാനങ്ങൾ സംബന്ധിച്ച വ്യവസ്ഥകൾ നടപ്പിലാക്കുന്നതിനുളള നിബന്ധനകൾ ഉൾക്കൊള്ളുന്നതാണ് ഈ ഔദ്യോഗിക ഉത്തരവ്.

ഇതിന്റെ ആർട്ടിക്കിൾ ഒന്ന് പ്രകാരം അമ്പതോ, അതിൽ കൂടുതലോ ജീവനക്കാരുള്ള എല്ലാ തൊഴിലുടമകളും പരാതികൾ, ആവലാതികൾ എന്നിവ കേൾക്കുന്നതിനും, പരിഹരിക്കുന്നതിനുമുള്ള ഒരു സംവിധാനം നിർബന്ധമായും നടപ്പിലാക്കേണ്ടതാണ്. ഒമാൻ തൊഴിൽ മന്ത്രാലയം നിർദ്ദേശിച്ചിട്ടുള്ള നിബന്ധനകൾ പ്രകാരമായിരിക്കണം ഈ സംവിധാനം ഒരുക്കേണ്ടത്.

ഇതുമായി ബന്ധപ്പെട്ട് രാജ്യത്ത് നിലനിന്നിരുന്ന മുൻ വ്യവസ്ഥകളെല്ലാം റദ്ദ് ചെയ്യുന്നതായി ഈ ഉത്തരവിലെ ആർട്ടിക്കിൾ രണ്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. ഔദ്യോഗിക ഗസറ്റിൽ ഇത് പ്രസിദ്ധീകരിക്കുന്ന ഉടൻ തന്നെ ഈ നിബന്ധനകൾ ഒമാനിൽ പ്രാബല്യത്തിൽ വരുന്നതാണ്.