ഖത്തർ: സർക്കാർ സ്ഥാപനങ്ങളുടെ റമദാൻ മാസത്തിലെ പ്രവർത്തന സമയക്രമം പ്രഖ്യാപിച്ചു

featured GCC News

സർക്കാർ സ്ഥാപനങ്ങളുടെ ഈ വർഷത്തെ റമദാൻ മാസത്തിലെ പ്രവർത്തന സമയക്രമം സംബന്ധിച്ച് ഖത്തർ ക്യാബിനറ്റ് അറിയിപ്പ് നൽകി. 2024 മാർച്ച് 7-ന് ഖത്തർ ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ഖത്തർ ക്യാബിനറ്റ് അഫയേഴ്‌സ് മിനിസ്റ്റർ H.E. ഇബ്രാഹിം ബിൻ അലി അൽ മോഹനദിയാണ് ഇത് സംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കിയത്. ഖത്തറിലെ മന്ത്രാലയങ്ങൾ, സർക്കാർ വകുപ്പുകൾ, പൊതു സ്ഥാപനങ്ങൾ എന്നിവയുടെ റമദാനിലെ പ്രവർത്തന സമയക്രമം ഈ വിജ്ഞാപനത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

ഈ വിജ്ഞാപന പ്രകാരം, റമദാനിൽ ഖത്തറിലെ പൊതു സ്ഥാപനങ്ങളുടെ പ്രവർത്തനം ദിനം തോറും അഞ്ച് മണിക്കൂറാക്കി നിജപ്പെടുത്തിയിട്ടുണ്ട്. ദിനവും രാവിലെ 9 മണിമുതൽ ഉച്ചയ്ക്ക് 2 മണിവരെ എന്ന രീതിയിലാണ് ഇത് നടപ്പിലാക്കുന്നത്.

റമദാനിൽ ആവശ്യമെങ്കിൽ ജീവനക്കാർക്ക് ഓഫീസിൽ അല്പം വൈകി വരുന്നതിനുള്ള വ്യവസ്ഥകളും (പരമാവധി രാവിലെ 10 മണിവരെ) ഈ വിജ്ഞാപനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ജോലികൾ തീർക്കുന്നതിനായി ഇവർ ഓഫീസിൽ അഞ്ച് മണിക്കൂർ ചെലവഴിക്കുന്നുണ്ടെന്ന് ഉറപ്പാക്കികൊണ്ടാണ് ഈ അനുമതി നൽകുന്നത്.

ആവശ്യമെങ്കിൽ പരമാവധി മുപ്പത് ശതമാനം ജീവനക്കാർക്ക് റിമോട്ട് വർക്കിങ് അനുവദിക്കുന്നതിനുള്ള വ്യവസ്ഥകളും ഈ വിജ്ഞാപനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.