സൗദി: സ്വകാര്യ വിവരങ്ങൾ മറ്റുള്ളവരുമായി പങ്ക് വെക്കരുതെന്ന് SDAIA മുന്നറിയിപ്പ് നൽകി

GCC News

തങ്ങളുടെ പാസ്സ്‌വേർഡുകൾ ഉൾപ്പടെയുള്ള സ്വകാര്യ വിവരങ്ങൾ മറ്റുള്ളവരുമായി ഒരുകാരണവശാലും പങ്ക് വെക്കരുതെന്ന് സൗദി ഡാറ്റ ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അതോറിറ്റി (SDAIA) പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. ഇത്തരം വിവരങ്ങൾ തട്ടിയെടുക്കുന്നത് ലക്ഷ്യമിട്ട് ഈമെയിലിലൂടെയും, ഫോണിലൂടെയും ലഭിക്കുന്ന സന്ദേശങ്ങളോട് പ്രതികരിക്കരുതെന്ന് SDAIA രാജ്യത്തെ പൗരന്മാരോടും, പ്രവാസികളോടും ആഹ്വാനം ചെയ്തിട്ടുണ്ട്.

ഇത്തരത്തിൽ സ്വകാര്യ വിവരങ്ങൾ മോഷ്ടിക്കുന്നത് ലക്ഷ്യമിട്ടുള്ള ഏതാനം കേസുകൾ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടതായി SDAIA വ്യക്തമാക്കി. ഔദ്യോഗിക കൃത്യ നിർവഹണത്തിന്റെ ഭാഗമായെന്ന രീതിയിൽ സർക്കാർ വകുപ്പുകളിൽ നിന്നുൾപ്പെടെ ബന്ധപ്പെടുന്നതായി ആളുകളെ തെറ്റിദ്ധരിപ്പിച്ച് കൊണ്ട് സ്വകാര്യ വിവരങ്ങൾ ചോർത്തിയെടുക്കുന്ന രീതിയാണ് ഇത്തരം സംഘങ്ങൾ ഉപയോഗിക്കുന്നതെന്ന് SDAIA കൂട്ടിച്ചേർത്തു.

ഇത്തരം സംഘങ്ങൾ വ്യക്തികളുടെ ബാങ്കിങ്ങ് വിവരങ്ങൾ ഉൾപ്പടെ ചോർത്താൻ ലക്ഷ്യമിടുന്നതിനാൽ ജാഗ്രത പുലർത്തണമെന്ന് അധികൃതർ ചൂണ്ടിക്കാട്ടി. വ്യക്തിവിവരങ്ങൾ, സ്വകാര്യ ഫോൺ നമ്പറുകൾ മുതലായവ ആരുമായും പങ്ക് വെക്കരുതെന്നും, ഇത്തരം തട്ടിപ്പുകളെക്കുറിച്ച് ജാഗ്രത പാലിക്കണമെന്നും SDAIA ആഹ്വാനം ചെയ്തു.