സൗദി അറേബ്യയുടെ സമകാലീന ചരിത്രം അടയാളപ്പെടുത്തുന്ന പോസ്റ്റേജ് സ്റ്റാമ്പുകളുടെ ഒരു പ്രദർശനം റിയാദിലെ കിംഗ് അബ്ദുൽഅസീസ് പബ്ലിക് ലൈബ്രറിയിൽ ആരംഭിച്ചു. സൗദി പ്രസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
വിവിധ ദേശീയ പരിപാടികൾ, സന്ദർഭങ്ങൾ എന്നവിടെയുമായി ബന്ധപ്പെട്ട സ്മാരകസ്റ്റാമ്പുകളിലൂടെ സൗദി അറേബ്യയുടെ സമകാലീന ചരിത്രം സന്ദർശകർക്ക് മുൻപിൽ അനാവരണം ചെയ്യുന്ന രീതിയിലാണ് ഈ പ്രദർശനം.
ഇതിൽ സൗദി അറേബ്യയുടെ രൂപീകരണത്തിന് മുമ്പുള്ളതും, ശേഷമുള്ളതുമായ ദേശീയ സംഭവങ്ങൾ ഉൾപ്പെടുന്നു.
കിംഗ് അബ്ദുൽഅസീസ് പബ്ലിക് ലൈബ്രറിയിലെ സ്റ്റാമ്പ് ശേഖരത്തിൽ പതിമൂവായിരത്തിലധികം സ്റ്റാമ്പുകൾ ഉൾക്കൊള്ളുന്നതായി സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിൽ കിംഗ് അബ്ദുൽഅസീസ് അൽ സൗദിന്റെ ഭരണകാലത്തെ അപൂർവ സ്റ്റാമ്പുകളും ഉൾപ്പെടുന്നു.
ഈ പ്രദർശനത്തിലെ ഏറ്റവും പഴക്കമേറിയ സ്റ്റാമ്പ് 1925 മാർച്ച് മാസത്തിൽ പുറത്തിറങ്ങിയതാണ്. സൗദി അറേബ്യയുടെ രൂപീകരണത്തിന് മുൻപായി പുറത്തിറങ്ങിയ കിംഗ് അബ്ദുൽഅസീസിന്റെ സ്ഥാനാരോഹണവുമായി (1931-1932) ബന്ധപ്പെട്ട സ്റ്റാമ്പും പ്രദർശനത്തിലുണ്ട്. ‘കിങ്ഡം ഓഫ് സൗദി അറേബ്യ’ എന്ന നാമം അച്ചടിച്ചിട്ടുള്ള ആദ്യ സ്റ്റാമ്പ് 1934-ലാണ് പുറത്തിറങ്ങിയത്.
സൗദി അറേബ്യയുടെയും, സൗദി പോസ്റ്റൽ സംവിധാനത്തിന്റെയും വികാസത്തിന്റെയും, പരിണാമത്തിന്റെയും ചരിത്രം ഈ അപൂർവ സ്റ്റാമ്പ് പ്രദർശനത്തിലൂടെ ദർശിക്കാവുന്നതാണ്.
Cover Image: Saudi Press Agency.