കുവൈറ്റ്: ട്രാഫിക് നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനായി നിരീക്ഷണ കാമറാ സംവിധാനം ഒരുക്കുന്നു

GCC News

ട്രാഫിക് നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനായി സ്വയമേവ പ്രവർത്തിക്കുന്ന ഒരു നിരീക്ഷണ കാമറാ സംവിധാനം ഒരുക്കുന്നതിന് കുവൈറ്റ് തീരുമാനിച്ചു. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

റോഡ് സുരക്ഷ കൂടുതൽ ശക്തമാക്കുന്നതിനും, റോഡപകടങ്ങൾ കുറയ്ക്കുന്നതിനും ലക്ഷ്യമിട്ടാണ് ഈ തീരുമാനം. ഇതിന്റെ ഭാഗമായി കുവൈറ്റിലെ റോഡുകളിൽ ട്രാഫിക് നിയമങ്ങളുടെ ലംഘനം കണ്ടെത്തുന്നതിനായി സ്വയം പ്രവർത്തിക്കുന്ന നിരീക്ഷണ കാമറാ സംവിധാനങ്ങൾ പ്രവർത്തനക്ഷമമാക്കുന്നതാണ്.

ഈ നിരീക്ഷണ സംവിധാനത്തിലൂടെ ഡ്രൈവ് ചെയ്യുന്നതിനിടയിലുള്ള മൊബൈൽ ഫോണിന്റെ ഉപയോഗം, സീറ്റ്ബെൽറ്റ് ഉപയോഗിക്കുന്നതിൽ വരുത്തുന്ന വീഴ്ചകൾ തുടങ്ങിയ ട്രാഫിക് നിയമലംഘനങ്ങൾ കണ്ടെത്തുന്നതാണ്. തുടർന്ന് ഇത്തരം നിയമലംഘകർക്ക് പിഴ ചുമത്തുന്നതാണ്.

ഗതാഗത നിയമങ്ങൾ കർശനമാക്കുന്നതിന്റെ ഭാഗമായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം പുതിയ ട്രാഫിക് കരട് നിയമത്തിന് ഏതാനം ദിവസങ്ങൾക്ക് മുൻപ് രൂപം നൽകിയിരുന്നു.

നിലവിലെ ട്രാഫിക് നിബന്ധനകളിൽ ഭേദഗതികൾ വരുത്തിയാണ് ഈ കരട് നിയമം തയ്യാറാക്കിയിരിക്കുന്നത്. താമസിയാതെ ഈ പുതിയ കരട് നിയമം ഔദ്യോഗിക അംഗീകാരത്തിനായി അമീർ H.H. മിഷാൽ അൽ അഹ്മദ് അൽ ജാബിർ അൽ സബായ്ക്ക് സമർപ്പിക്കുന്നതാണ്.

ഈ പുതിയ നിയമം അനുസരിച്ച്, വാഹനം ഡ്രൈവ് ചെയ്യുന്ന അവസരത്തിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നവർക്ക് 75 ദിനാറും, സീറ്റ് ബെൽറ്റ് ധരിക്കാത്തവർക്ക് 30 ദിനാറും, അലക്ഷ്യമായും അപകടകരമായും ഡ്രൈവ് ചെയ്യുന്നവർക്ക് 150 ദിനാറും വീതം പിഴ ചുമത്തുന്നതാണ്.